കണ്ണൂർ പറന്നുയരുന്നതിന് കൊടി വീശാൻ നിഹാരികയും അത്മീയയും; ആഘോഷം

കേരളം കാത്തിരുന്ന നിമിഷങ്ങളിലേക്ക്  കണ്ണൂര്‍ പറന്നിറങ്ങാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. കണ്ണൂർ വിമാനത്താവളത്തിലെ ആദ്യവിമാനത്തിനു വീശാനുള്ള പതാകയുമായി മട്ടന്നൂർ വിമാനത്താവളത്തിലേക്കെത്തുന്ന സൈക്കിൾ റൈഡിനെ സ്വീകരിക്കാൻ കണ്ണൂരിന്റെ ഇഷ്ടനായികമാരെത്തും. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിലൂെട മികച്ച പ്രകടനം നടത്തി വരവറിയിച്ച  നിഹാരിക എസ്. മോഹനും, ജോസഫ്, മനംകൊത്തി പറവൈ(തമിഴ്) സിനിമകളിലൂടെ  ശ്രദ്ധേയയായ ആത്മീയയുമാണു ഇൗ ചരിത്രമുഹൂർത്തത്തിനു നിറം പകരാനെത്തുന്നത്.

ഡിസംബർ 8ന് രാവിലെ 9.30നു മട്ടന്നൂർ വായന്തോട് ജംക്‌ഷനിൽ സൈക്കിൾ റൈഡിന് ഒരുക്കുന്ന സ്വീകരണ പരിപാടികളിലാണു യുവതാരങ്ങൾ പങ്കെടുക്കുക. ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്യാനുള്ള പതാകയുമായി 347 സൈക്കിൾ റൈഡർമാർക്കൊപ്പം വിമാനത്താവളത്തിലേക്ക് ഇവർ സൈക്കിളുരുട്ടുകയും ചെയ്യും. മട്ടന്നൂർ നഗരസഭാധ്യക്ഷ അനിത വേണു, കീഴല്ലൂർ പഞ്ചായത്ത്  പ്രസിഡന്റ് എം. രാജൻ എന്നിവരും സൈക്കിൾ റൈഡിനെ സ്വീകരിക്കും.  ഇവിടെ കാണികൾക്കായി ഗെയിംഷോയും സമ്മാനങ്ങളുമുണ്ട്. മലയാള മനോരമയും കാനനൂർ സൈക്ലിങ് ക്ലബ്ബും ചേർന്നാണ് ഉദ്ഘാടനത്തലേന്ന്, റൈഡ് ടു കണ്ണൂർ എയർപോർട്ട് എന്ന പേരിൽ കണ്ണൂരിൽനിന്നു വിമാനത്താവളത്തിലേക്കു സൈക്കിൾ റൈഡ് സംഘടിപ്പിക്കുന്നത്.

അന്നേദിവസം രാവിലെ 7.30നു കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ കലക്ടർ മിർ മുഹമ്മദ് അലി പതാക കൈമാറും. 9.30നു വായന്തോട് ജംക്‌ഷനിലെ സ്വീകരണത്തിനുശേഷം വിമാനത്താവളത്തിൽ കിയാൽ എംഡി വി. തുളസീദാസ് പതാക  ഏറ്റുവാങ്ങും. റൈഡിനു റജിസ്റ്റർ ചെയ്തവർ രാവിലെ 6.30നു പൊലീസ് പരേഡ് ഗ്രൗണ്ടിലെത്തണം.