കവിത കോപ്പിയടി മാനക്കേടുണ്ടാക്കി; വിശദീകരണം ആരാഞ്ഞ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

മലയാളം അധ്യാപിക ദീപ നിശാന്ത് കവിത കോപ്പിയടിച്ചെന്ന വിവാദത്തില്‍ കേരളവര്‍മ കോളജ് പ്രിന്‍സിപ്പലിനോട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അഭിപ്രായം ആരാഞ്ഞു. ദീപയുടെ കവിത കോപ്പിയടി കോളജിന് മാനക്കേടുണ്ടാക്കിയെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. 

 കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലാണ് കേരളവര്‍മ കോളജ്. മലയാളം അധ്യാപികയായ ദീപ നിശാന്ത് മറ്റൊരാളുടെ കവിത സ്വന്തം പേരില്‍ അധ്യാപക സംഘടനയുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതു വിവാദമായതോടെ കോളേജിന് നാണക്കേടെയെന്ന് വിമര്‍ശനം ഉയര്‍ന്നു. അധ്യാപക സംഘടനയും വിശദീകരണം ചോദിച്ചിട്ടുണ്ട്. കോളജ് പ്രിന്‍സിപ്പലിന്റെ അഭിപ്രായം ആരാഞ്ഞ ശേഷം അടുത്ത നടപടിയിലേക്ക് നീങ്ങാമെന്ന നിലപാടാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്. മറ്റൊരാളുടെ കവിത ദീപ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചത് വ്യക്തിപരമാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രാഥമിക നിലപാട്.

ദീപയ്ക്ക് എതിരെ കോളജ് പരിസരത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അധ്യാപികയോട് പിന്തുണയുള്ള വിദ്യാര്‍ഥികള്‍ ഈ പോസ്റ്ററുകള്‍ കീറിക്കളഞ്ഞു. കോണ്‍ഗ്രസ് അനുകൂല കോളജ് അധ്യാപക സംഘടനയും ദീപയോട് വിശദീകരണം ആവശ്യപ്പെടാന്‍ മുറവിളി കൂട്ടുന്നുണ്ട്.