വിമാനത്തിൽ വച്ച ബാഗ് ‘പറന്നുപോയോ’? യുവ പ്രവാസിക്ക് നഷ്ടം വിലപിടിച്ച രേഖകളും ഒന്നേകാൽ ലക്ഷം രൂപയും

ആ നാലുമണിക്കൂറിന്റെ ഭീകരതയും ദൈന്യതയും നാലു ദിവസത്തിനിപ്പുറവും അബുൽ അഫ്സൽ സെയ്തു മുഹമ്മദിന്റെ മനസ്സിനെ നിരന്തരം അസ്വസ്ഥമാക്കുന്നു. ഉപ്പ മരിച്ചതിന്റെ 41–ാം ദിന ചടങ്ങിനു നാട്ടിലെത്തിയ ഈ യുവ പ്രവാസിക്ക് വിമാനയാത്ര നൽകിയത് ഇരട്ടി ദുഖവും ധനനഷ്ടവും. ദുബായ്–കൊച്ചി യാത്രയിൽ എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൽ നിന്നാണ് അബുലിന്റെ ഹാൻഡ് ബാഗ് നഷ്ടപ്പെട്ടത്. വിലപിടിച്ച രേഖകളും ഒന്നേകാൽ ലക്ഷം രൂപയോളം വിലമതിക്കുന്ന സമ്പാദ്യവും ബാഗിനൊപ്പം നഷ്ടപ്പെട്ടു.

യാത്രയിലെ ദുരനുഭവത്തെകുറിച്ച് അബുൽ അഫ്സൽ പറയുന്നത് ഇങ്ങനെ: സീറ്റുള്ള കാബിനിൽ സ്ഥലമില്ലെന്നു പറഞ്ഞ് ജീവനക്കാരൻ തടഞ്ഞപ്പോഴാണു ബാഗ് മറ്റൊരു കാബിനിൽ വച്ചത്. 29നു വൈകിട്ട് 6.30നു നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങുന്ന നേരം ബാഗ് കണ്ടില്ല

ഉടൻ തന്നെ കാബിൻ ക്രൂവിനോടു പരാതിപ്പെട്ടു. മറുപടി ഇല്ലാതായതോടെ ബാഗ് കിട്ടാതെ വിമാനത്തിൽ നിന്നു ഇറങ്ങില്ലെന്നു ശാഠ്യം പിടിച്ചെങ്കിലും ഇറങ്ങാനുള്ള അവരുടെ ആജ്ഞാശക്തിക്കു മുൻപിൽ വിലപോയില്ല. ലഗേജ് വരുന്ന ഭാഗത്തുപോയി ആളുകളെ പരിശോധിച്ച് സ്വയം കണ്ടെത്താനായിരുന്നു മറുപടി.

കൂടെ വരാനോ, വയർലെസ്, അനൗസ്മെന്റ് സംവിധാനങ്ങളിലൂടെ സന്ദേശം കൈമാറാനോ ആരും തയാറായില്ല. എയർ ഇന്ത്യ സ്റ്റാഫിനെ ബന്ധപ്പെടുവാൻ അറിയിച്ചു ലഗ്ഗേജ് വരുന്നിടത്തെ ഹെൽപ് ഡെസ്ക് കൗണ്ടറിലുള്ളവരും കൈയൊഴിഞ്ഞു. അനൗൺസ്മെന്റ്, വയർലെസ് സംവിധാനങ്ങളും പരാതി നൽകാൻ ബന്ധപ്പെട്ട ടെർമിനൽ മാനേജർമാരും ഇവിടെ ഇല്ലെന്നും പരാതി ശരിയെന്നു ബോധ്യപ്പെട്ടാൽ മാത്രമേ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ കഴിയൂവെന്നും പലരിൽ നിന്നായി നിഷേധം കലർന്ന മറുപടികൾ

ബോർഡിങ് പാസ്, എമിഗ്രേഷൻ സീൽ, നഷ്ടപ്പെട്ട ബാഗ് എന്നിവയുടെ ചിത്രം, യാത്ര ചെയ്തപ്പോൾ ധരിച്ച വസ്ത്രം അടക്കമുള്ള പരാതിക്കാരന്റെ ചിത്രം എന്നിവ ടെർമിനൽ മാനേജർക്ക് ഇ–മെയിൽ ചെയ്തശേഷം പോകാനും ചില ഉദ്യോഗസ്ഥർ നിർദേശിച്ചു. ടെർമിനർ മാനേജർക്കും, നെടുമ്പാശേരി പൊലീസിനും പരാതി നൽകി. മണിക്കൂറുകളോളം അനുഭവിച്ച വേദനയും നിസഹായതയും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച് വിമാനത്താവളത്തിൽ നിന്നു ഇറങ്ങി.

വീട്ടിൽ ഉണ്ടാകേണ്ട നാലു ദിവസവും നഷ്ടപ്പെട്ട വിലപ്പെട്ട രേഖകൾ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള ഓട്ടമായിരുന്നു. മൊബൈൽ സിം, എടിഎം, ചെക്ക് ബുക്ക് എന്നിവ നടപടിക്രമം അനുസരിച്ചു സുരക്ഷിതമാക്കി

ദുബായ് അൽ റിഗ്ഗയിലെ പ്രമുഖ ബാങ്കിൽ‌ ജീവനക്കാരനായ അബുലിനു ജോലിസ്ഥലത്തെ തിരിച്ചറിയൽ കാർഡ് നഷ്ടപ്പെട്ടതാണു കൂടുതൽ വിഷമം. ബാങ്കിന്റെ യുഎഇയിലെ ഏതു ശാഖയിലേക്കും പ്രവേശിക്കാൻ അനുമതിയുള്ള കാർഡ് ആണിത്. അവധി കഴിഞ്ഞ് അബുൽ ഇന്നലെ മടങ്ങി