കർണാടകയിലേക്ക് സോളോ റൈഡ്; യുവാവിനെ കാണാതായി ആറാം ദിവസം; ദുരൂഹത

കോഴിക്കോടുനിന്നും സോളോ റൈഡിന് പോയ യുവാവിനെ കർണാടകയിൽ കാണാതായ സംഭവത്തിൽ ദുരൂഹത. ആറുദിവസമായിട്ടും യുവാവിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. 

കുറ്റ്യാടി മൊകേരി സ്വദേശിയായ സന്ദീപ് എസ്(34) ബൈക്കുമായി കർണാടകയിലേക്ക് പോയത്. തുടർന്ന് കാണാതാകുകയായിരുന്നു. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷനിൽ ഭാര്യ ഷിജി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ ദിവസങ്ങളായി കർണാടകയിലെത്തി അന്വേഷണം നടത്തുന്നുണ്ട്. എന്നാലിത് വരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. 

കൊപ്പ ജയപുര ഭാഗത്തെ മൊബൈൽ ടവറിന് പരിധിയിലാണ് സന്ദീപ് അവസാനമായി മൊബൈൽ ഉപയോഗിച്ചത്. സന്ദീപിന്റെ ബൈക്കും ബാഗും കുപ്പത്തെ പുഴക്കരയിൽ നിന്ന് ലഭിച്ചു. മോഷണശ്രമം നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് പൊലീസ്. ദിവസങ്ങൾക്ക് മുൻപ് കർണാടകയിലെ ബെല്ലാരിയിൽ നിന്നും വന്ന ഫോൺവിളിയെ അടിസ്ഥാനമാക്കിയും അന്വേഷണം നടക്കുന്നുണ്ട്. ദിവസങ്ങൾക്കുമുൻപ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് സന്ദീപ് ഡീ ആക്ടിവേറ്റ് ചെയ്തിരുന്നു.