ലേലത്തുക കുറച്ചു; എരുമേലിയിലെ കടമുറികൾ ഏറ്റെടുക്കാൻ ആളില്ല

ലേലത്തുക 35 ശതമാനത്തിലേറെ കുറച്ചിട്ടും ദേവസ്വം ബോർഡിന്റെ  എരുമേലിയിലെ കടമുറികൾ ഏറ്റെടുക്കാൻ ആളില്ല. ആറുതവണ ലേലം നടത്തിയിട്ടും പകുതിയിലേറെ കടകളും ഒഴിഞ്ഞുകിടക്കുകയാണ്.  ലേലത്തുക 50 ശതമാനം കുറയ്ക്കണമെന്നാണ് കരാറുകാരുടെ ആവശ്യം.

യുവതി പ്രവേശന വിഷയത്തിലെ നിലപാടുകളാണ് ലേലത്തിലും  ദേവസ്വം ബോർഡിന് വിനയായത്.  എരുമേലിയിൽ മാത്രം 57 കടമുറികൾ ദേവസ്വം ബോർഡിനുണ്ട്. ഇക്കുറി ആറ് ലേലം നടന്നു വിറ്റുപോയത് 27 കടമുറികൾ മാത്രം. മൂന്ന് തവണ ലേലം നടത്തി രക്ഷയില്ലാതായതോടെ കഴിഞ്ഞ വർഷത്തേക്കാൾ തുക കുറച്ചു. ആദ്യം പത്തും പിന്നീട് ഇരുപതും ഒടുവിൽ 35 ശതമാനവും വില കുറച്ച് ഓപ്പൺ ലേലം നടത്തി. വിവാദങ്ങളെ തുടർന്ന് തീർഥാടകരുടെ എണ്ണത്തിലെ ഗണ്യമായ കുറവും കരാറുകാരെ ലേലത്തിൽ നിന്ന് പിന്തിരിപ്പിച്ചു. 

തീരുമാനങ്ങൾക്ക് വേഗത കുറഞ്ഞാൽ  ഈ തീർഥാടനകാലത്ത് ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരും.