ഹര്‍ത്താലില്‍ ജര്‍മന്‍ സഞ്ചാരികളും ആക്രമിക്കപ്പെട്ടു; ‘ഈ നാട് ഇങ്ങനെയാണോ?’: രോഷം

‘ഞങ്ങളാകെ ഭയന്നുപോയി.. ഈ നാട്ടില്‍ ഇങ്ങനെയാണോ..?’ ജർമനിയിൽ നിന്നും ദൈവത്തിന്റെ സ്വന്തം നാടു കാണാൻ എത്തിയ പൗരൻമാർ ചോദിച്ച ചോദ്യം. കൊച്ചിയിൽ നിന്നും വിദേശവിനോദ സഞ്ചാരികളുമായി കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ഇന്നലെ പൊന്നാനി പന്തേപാലത്തിന് സമീപത്ത് വച്ച് ആക്രമണമുണ്ടായത്. ഒാടിക്കൊണ്ടിരുന്ന ബസിന് നേരെ ബൈക്കിലെത്തിയ സംഘം കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു. ഡ്രൈവറുടെ കണ്ണിനും സാരമായി പരുക്കേറ്റു.  

24 ജർമൻ സഞ്ചാരികളും ഒരു ഗൈഡുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഏറെ പ്രതീക്ഷയോടെ കേരളത്തില്‍ അവധി ആഘോഷിക്കാനെത്തിയ സഞ്ചാരികള്‍ക്കാണ് ഈ ദുരനുഭവം. ആക്രമണത്തിന്റെയും തടയലിന്റെയും നടുക്കത്തില്‍ നിന്ന് ഇവര്‍ ഇപ്പോഴും മോചിതരായിട്ടില്ല. പ്രളയവും നിപ ഭീതിയും ഒഴിഞ്ഞ് കേരളാ ടൂറിസം വീണ്ടും സജീവമാകുന്നതിനിടെ ഇത്തരത്തിലുള്ള സംഭവങ്ങൾ സ​ഞ്ചാരികളുടെ വരവിനെ ബാധിക്കുമെന്ന് ഇന്ത്യൻ അസോസിയേഷൻ ഒാഫ് ടൂർ ഒാപ്പറ്റേറ്റേഴ്സ് പ്രസിഡന്റ് സിജോ ജോസ് പ്രതികരിച്ചു.

തമിഴ്നാട്ടിൽ നിന്നുള്ള സ്വകാര്യ ബസിലായിരുന്നു ജർമൻ സംഘത്തിന്റെ, കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്ര. ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ ശബരിമലയിൽ വച്ച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിനിടയാണ് ബസ് ആക്രമിക്കപ്പെട്ടത്. പെട്ടെന്നുണ്ടായ ആക്രമണത്തിൽ ബസിലെ വിദേശ സഞ്ചാരികൾ പേടിച്ചുപോയി. പിന്നീട് പൊലീസ് സംരക്ഷണത്തോടെയായിരുന്നു സംഘത്തിന്റെ യാത്ര. കോഴിക്കോട് വരെ പൊലീസ് ഇവർക്ക് സുരക്ഷയൊരുക്കി.