പൊലീസ് പിടിച്ചാൽ വാട്സ് ആപ് അൺ ഇൻസ്റ്റാൾ ചെയ്യും; ലോട്ടറി തട്ടിപ്പിന്റെ പുതുവഴി

പൊലീസ് നടപടി കടുപ്പിച്ചതോടെ വിപണന രീതി മാറ്റി നമ്പറെഴുത്ത് ലോട്ടറി മാഫിയ; ഇടപാട് വാട്സ് ആപ് വഴി. സംസ്ഥാന ഭാഗ്യക്കുറിയുടെ അവസാന മൂന്നക്കം എഴുതി നൽകി നറുക്കെടുപ്പ് ഫലത്തിനനുസരിച്ചു സമ്മാനം നൽകുന്ന സമാന്തര സംവിധാനമാണ് വാട്‌സ് ആപ് വഴി നിർബാധം തുടരുന്നത്.

വാട്സ് ആപ് വഴി നമ്പറെഴുത്ത് ലോട്ടറി ഇടപാട് നടത്തുന്നതിനിടെ പുതുക്കൈ വൈനിങ്ങാൽ ഹൗസിലെ കെ.രാജേഷിനെ (40) നീലേശ്വരം എസ്‌ഐ, എം.വി.ശ്രീദാസും സംഘവും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതോടെയാണ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. പണം വാങ്ങി നമ്പർ എഴുതി നൽകുന്നതിനു പകരം വാട്‌സ് ആപ് വഴി നൽകുന്ന രീതിയാണിതെന്നു പൊലീസ് പറഞ്ഞു. 

പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ വാട്‌സ് ആപ് അൺ ഇൻസ്റ്റാൾ ചെയ്യുകയോ ഹൈഡ് ആക്കി വയ്ക്കുകയോ ചെയ്യുന്നു. ഫോണിലെ ലോക്കിങ് സംവിധാനം ഉപയോഗിച്ച് പൊലീസിന്റെ പിടിയിൽ നിന്നു വഴുതുന്നവരുമുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ എരിക്കുളത്ത് തന്റെ ഓട്ടോയിൽ ഇരുന്ന് ഇടപാടു നടത്തുന്നതിനിടെയാണു രാജേഷിനെ എസ്‌ഐ തന്ത്രപരമായി കുടുക്കിയത്.

ഇനി രക്ഷയില്ലെന്ന ഘട്ടത്തിൽ ഫോൺ ഉപേക്ഷിച്ച് ഓടിയെങ്കിലും പൊലീസ് പിറകെ ഓടി പിടികൂടി. കയ്യിലുണ്ടായിരുന്ന 2500 രൂപ പിടിച്ചെടുത്തു. ഓട്ടോയും കസ്റ്റഡിയിൽ എടുത്തു. രാജേഷിനെ ഹൊസ്ദുർഗ് കോടതി റിമാൻഡ് ചെയ്തു. ഫോൺ സൈബർ സെല്ലിനു കൈമാറി കൂടുതൽ അന്വേഷണം നടത്തുമെന്ന് എസ്‌ഐ പറഞ്ഞു.