സാർ അവനിട്ട് ഒരിടിയും കൊടുത്തു, ചാവിയും ഊരിയെടുത്തു'; നടുക്കമായി ദൃക്സാക്ഷിയുടെ മൊഴി

കാറെടുത്തു മാറ്റുന്നതിനിടെ സാർ അവനിട്ട് ഒരിടിയും കൊടുത്തു, ചാവിയും ഊരിയെടുത്തു'- സനലിന്റെ അപകടത്തിനു ദൃക്സാക്ഷിയായ ഹോട്ടൽ ഉടമ മാഹിയുടെ നടുക്കം ഇനിയും മാറിയിട്ടില്ല. കൊടങ്ങാവിളയിൽ മാഹിയുടെ സുൽത്താന ഹോട്ടലിലിരുന്നു സനൽ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു സംഭവം. എതിർവശത്തുള്ള വീട്ടിൽ നിന്നു വാഹനം ഓടിച്ചു പുറത്തേക്കിറക്കാൻ തുടങ്ങിയപ്പോഴാണ് സനലിന്റെ വാഹനം തടസ്സമായത്.

ഡിവൈഎസ്പി ഹരികുമാറിന്റെ ശബ്ദം കേട്ടാണ് ഭക്ഷണം വേഗം കഴിച്ചുതീർത്തു ബില്ലടച്ചു സംഭവസ്ഥലത്തേക്കു സനൽകുമാർ എത്തിയതെന്നു മാഹി പറയുന്നു. വാക്കേറ്റത്തിനിടെ ഉന്തും തള്ളുമുണ്ടായി. വാഹനം ഇരപ്പിക്കുന്നതിന്റെ ശബ്ദവും കേൾക്കാമായിരുന്നു. ഡ്രൈവിങ് സീറ്റിലിരുന്ന സനലിന് ഒരു അടികൊടുത്ത ഹരികുമാർ താക്കോലും ഊരിയെടുക്കാൻ ശ്രമിച്ചു.

നീ പൊലീസ് വന്നിട്ടുപോയാൽ മതി'യെന്നു പറഞ്ഞ് ആരെയോ ഫോൺ വിളിക്കുന്ന ആംഗ്യവും കാണിച്ചു. തുടർന്നാണ് 10 മീറ്റർ അകലത്തേക്കു സനൽകുമാർ കാർ മാറ്റിയിട്ടത്. സംഭവം പ്രശ്നമാണെന്നു കണ്ട് മാഹി സനലിനോടു പിന്മാറാൻ ആവശ്യപ്പെട്ടു. വീണ്ടും ഹരികുമാർ അങ്ങോട്ടെത്തിയതോടെ ഉന്തും തള്ളുമായി. തുടർന്നാണ് അതിശക്തമായി റോഡിലേക്കു തള്ളിയതെന്നും മാഹി പറഞ്ഞു. മാഹിയുടെ കടയിലെ സ്ഥിരം കസ്റ്റമറായിരുന്നു സനലും കുടുംബവും. 

സനൽ മുന്നിലേക്ക് വീണത് പെട്ടെന്ന്, ബ്രേക്ക് ചെയ്യാൻ സാധിച്ചില്ല; ഇടിച്ച വാഹനയുടമ

നെയ്യാറ്റിന്‍കര കൊലപാതകത്തില്‍  നിര്‍ണായക വെളിപ്പെടുത്തലുമായി ഇടിച്ച വാഹനയുടമ. സനല്‍ പെട്ടെന്ന് വാഹനത്തിന്‍റെ മുന്നിലേക്ക് വന്നുവീഴുകയായിരുന്നു. ബ്രേക്ക് ചെയ്യാനുള്ള സമയം കിട്ടിയില്ല, അപകടമുണ്ടായത് ആശുപത്രിയിലുള്ള അമ്മയെ കണ്ട് മടങ്ങുമ്പോഴെന്നും വെളിപ്പെടുത്തല്‍.

ഡിവൈഎസ്പി കാറിനുമുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവിനെ രക്ഷിക്കാനുള്ള അവസാന അവസരവും നഷ്ടപ്പെടുത്തിയത് പൊലീസ്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്കുവിട്ട സനലിനെ ആദ്യം കൊണ്ടുപോയത് നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലേക്കാണ്. ഇതിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു. ആംബുലൻസിലുണ്ടായിരുന്ന പൊലീസുകാരന് ഡ്യൂട്ടിമാറാനാണ് വിലപ്പെട്ട നിമിഷങ്ങള്‍ പാഴാക്കിയതെന്ന് ആംബുലൻസ് ഡ്രൈവർ മനോരമ ന്യൂസിനോട് പറഞ്ഞു.