ഇത് ഭരണപാടവം, കടകംപള്ളിക്ക് അഭിവാദ്യം; പിന്തുണച്ച് മാല പാർവതി

ശബരിമല ദർശനത്തിനെത്തിയ ആക്ടിവിസ്റ്റുകളായ രഹ്ന ഫാത്തിമ, കവിത എന്നിവരെ തിരിച്ചയച്ച സർക്കാർ നിലപാടിനെ അഭിനന്ദിച്ച് മാല പാർവതി. സന്നിധാനത്ത് ലാത്തി വീശിപ്പിക്കാൻ നടന്ന ശ്രമമാണ് ഒഴിവായതെന്നും കടകംപള്ളി സഖാവിന് അഭിവാദ്യമെന്നും മാല പാർവതി ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പിൻറെ പൂർണരൂപം: ''കലാപം ഉണ്ടാക്കാൻ വന്നവർക്ക് ആ അവസരം നൽകാതിരിക്കലാണ് ബുദ്ധി. ഭരണപാടവം! സന്നിധാനത്ത് ലാത്തി വീശിപ്പിക്കാൻ നടന്ന ശ്രമമാണ് ഇന്ന് ഒഴിവായത്. ഉചിതമായ തീരുമാനം. കടകംപള്ളി സഖാവിന് അഭിവാദ്യം''.

മറ്റൊരു പോസ്റ്റിൽ ഫെയ്സ്ബുക്കിൽ പോസ്റ്റിടാനായി മല കയറിയവർ നാടിനെ രണ്ട് തട്ടിലാക്കിയവരാണ് എന്നും പറയുന്നു. പോസ്റ്റിൻറെ പൂർണരൂപം:

''സത്യത്തിൽ തിരിഞ്ഞാലോചിക്കുമ്പോൾ ദേശീയ മാദ്ധ്യമങ്ങളിൽ ചിലത് ഈ കേസിന്റെ എല്ലാ സ്റ്റേജസിലും കാണിച്ച ആവേശവും ശ്രദ്ധയും തന്നെ സുചനകളായിരുന്നു. കുറേ നാൾ മുമ്പ് ഹിന്ദുക്കൾ വഴി നടന്നാൽ കൊന്ന് കളയും എന്ന വാർത്തയുമായി അന്വേഷണത്തിനെത്തിയ ചേട്ടന്മാരെ സ്മരിക്കേണ്ടതായിരുന്നു. എന്തിനോ വേണ്ടി തിളയ്ച്ച് മറിഞ്ഞ Rടട - ഉം BJP - യും വിധിയെ പരസ്യമായി അനുകൂലിച്ചും പ്രതികൂലിച്ചും മനുഷ്യരെ രണ്ട് തട്ടിലാക്കി..ലക്ഷ്യത്തോടടുക്കുന്നത് നമുക്ക് നേരത്തെ തന്നെ തടയാമായിരുന്നു.

പുരോഗമനപരമായി വ്യാഖ്യാനിക്കാവുന്ന വിധിയെ തള്ളണോ കൊള്ളണോ എന്നറിയാതെ പിണറായി സഖാവിന്റെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ചക്രശ്വാസം വലിക്കുമെന്ന അവരുടെ കണക്കുട്ടൽ വലിയ യുദ്ധതന്ത്രം തന്നെയായിരുന്നു..

കേരളത്തിലെ സ്ത്രീകൾ സർക്കാരിനൊപ്പം നിൽക്കണം. സർക്കാരിനെ സപ്പോർട്ട് ചെയ്യേണ്ട സമയമായി ഇതിനെ കാണണം.പോലീസിന്റെ നിലപാടിനെ അഭിനന്ദിക്കാതെ വയ്യ. രഹന ഫാത്തിമ്മമാർമാരുടെ അതിവിപ്ലവവും ഷോയും ആര് പറഞ്ഞിട്ടാണ് എന്നും തെളിയേണ്ടതുമുണ്ട്.

ഫേസ്ബുക്കിൽ പോസ്റ്റിടാനായി മല കയറിയവർ നാടിനെ രണ്ട് തട്ടിലാക്കിയവരാണ്. ഇപ്പോൾ സംഭവിച്ചത് തിരുത്തണം. അതീവ ജാഗ്രത വേണം. അതുപോലെ സോഷ്യൽ മീഡിയയുടെ ശക്തി വെളിവാക്കാൻ പറ്റുന്ന ഒരു പ്രതിസന്ധി തന്നെയാണ് ഇത്.

കേരളം ഒറ്റക്കെട്ടായി നില്ക്കും. ഈ അടവിനെയും പൊളിച്ച് കൈയ്യിൽ കൊടുക്കും.സംശയമില്ല. കലാപം ഈ മണ്ണിൽ ഉണ്ടാവരുത്. കൈ കോർത്ത് പിടിച്ച് പ്രളയം അതിജീവിച്ചവരാണ് നമ്മൾ.ഇതും സാധിക്കും. സ്വാർത്ഥത വെടിഞ്ഞ് ഒന്നാകാം''.

ഇന്നലെ രാവിലെയാണ് ഹൈദരാബാദ് സ്വദേശിയായ ടെലിവഷൻ റിപ്പോര്‍ട്ടര്‍ കവിതയും എറണാകുളം സ്വദേശിയായ രഹന ഫാത്തിമയും ശബരിമല ദര്‍ശനത്തിനായി പൊലീസിന്റെ സുരക്ഷയോടു കൂടി മല ചവിട്ടിയത്. വാർത്ത പുറത്തുവന്നതോടെ ഒരു സംഘമാളുകൾ രഹനയുടെ വീട് ആക്രമിച്ചു. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഇരുവരും മലയിറങ്ങിയത്.