കേരളത്തില്‍ കുട്ടികള്‍ക്കിടയി‌ൽ കുഷ്ഠരോഗം വര്‍ധിക്കുന്നു

കേരളത്തില്‍ കുട്ടികള്‍ക്കിടയിലെ കുഷ്ഠരോഗം വര്‍ധിക്കുന്നു. രോഗം സ്ഥിരീകരിക്കുന്നവരില്‍ എട്ട് ശതമാനം കുട്ടികളാണ്. ഈ സാഹചര്യത്തില്‍ കുഷ്ഠരോഗം കണ്ടെത്താനുള്ള പ്രത്യേക പദ്ധതിക്ക് ആരോഗ്യവകുപ്പ് തുടക്കംകുറിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

കുഷ്ഠരോഗം ബാധിച്ച ധാരാളം പേര്‍ രോഗം തിരിച്ചറിയാതെയും ചികിത്സകിട്ടാതെയും ഉണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. പലപ്പോഴും വൈകല്യം കണ്ടുതുടങ്ങുമ്പോള്‍മാത്രമാണ് ചികിത്സതേടി എത്തുന്നത്. എട്ടുജില്ലകളിലാണ്  വൈകല്യമുള്ള രോഗികളെ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീജില്ലകളില്‍ പ്രത്യേക ശ്രദ്ധനല്‍കിക്കൊണ്ടുള്ള നിര്‍മ്മാര്‍ജ്ജന പദ്ധതിക്കാണ് തുടക്കമാകുന്നത്.

രോഗം സ്ഥിരീകരിച്ചവരില്‍ 8.6 ശതമാനം കുട്ടികളാണ്. മാത്രമല്ല രോഗബാധിതരായ കുട്ടികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 2015 -16 ല്‍ മുന്‍വര്‍ഷത്തെക്കാള്‍ 6.9 ശതമാനം കുട്ടികളിലാണ് കൂടുതലായി രോഗബാധ കണ്ടെതത്തിയത്, 2017 -18 ല്‍ ഇത് 9.4 ആയി ഉയര്‍ന്നു. രോഗം കണ്ടെത്തുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഉദ്യേഗസ്ഥര്‍ ഒാരോവീടും സന്ദര്‍ശിക്കും. തുടര്‍ചികിത്സ ആവശ്യമുള്ളവരെ ആശുപത്രികളിലേക്ക് എത്തിക്കും.