സര്‍ക്കാര്‍ സഹായം കാത്തിരുന്ന് ആയുസ് നഷ്ടപ്പെടുത്തരുത്; ചെന്നിത്തല

പ്രളയത്തില്‍ വീട് നശിച്ചവര്‍ സര്‍ക്കാര്‍ സഹായം കാത്തിരുന്ന് ആയുസ് നഷ്ടപ്പെടുത്തരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഹൈബി ഈഡന്‍ എംഎല്‍എയുടെ തണല്‍ ഭവനപദ്ധതിയുടെ ഭാഗമായ അഞ്ചാമത്തെ വീടിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു ചെന്നിത്തല

പ്രളയം കനത്ത നാശം വിതച്ച ചേരാനല്ലൂര്‍ പഞ്ചായത്തില്‍ ഹൈബി ഈഡന്‍ എം.എല്‍എയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ചേരാം ചോരാനല്ലൂരിനൊപ്പം പ്രചാരണത്തിന്റെ ഭാഗമായാണ് തണല്‍ ഭവന പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ ഏറ്റവും നിര്‍ധനരായ കുടുംബങ്ങളെ കണ്ടെത്തി സ്വകാര്യ വ്യക്തികളുടെ സാമ്പത്തികസഹായത്തോടെയാണ് വീടുകള്‍ നിര്‍മിച്ചുനല്‍കുന്നത്. 

സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് അഞ്ചാം വീടിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ദുരിതാശ്വാസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ ലഭിക്കാത്ത ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇപ്പോഴുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എംഡി. അദീപ് അഹമ്മദാണ് അഞ്ചാമത്തെ വീട് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. മണ്ഡലത്തില്‍ അന്‍പത് വീടുകള്‍ നിര്‍മിച്ചുനല്‍കാനാണ് തണല്‍ പദ്ധതിയിലൂടെ ഹൈബി ഈഡന്‍ ലക്ഷ്യമിടുന്നത്.