ഇറക്കിവിടാന്‍ താന്‍ എംടിയുടെ വീട്ടില്‍ പോയിട്ടില്ല; വാര്‍ത്ത നിഷേധിച്ച് ശ്രീകുമാര്‍ മേനോന്‍

കോഴിക്കോട്ടെ വീട്ടിലെത്തിയ തന്നെ എംടി വാസുദേവന്‍ നായര്‍ ഇറക്കിവിട്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍. ഇറക്കിവിടാനായി താന്‍ ഇന്നലെ എംടിയെ കാണാന്‍ പോയിട്ടില്ലെന്നും രാത്രി ഒന്‍പതു മണിവരെ എറണാകുളത്തെ വിസ്മയ മാക്സ് സ്റ്റുഡിയോയില്‍ ഒടിയന്‍ എന്ന ചിത്രത്തിന്‍റെ ഡബിങ്ങിലായിരുന്നുവെന്നും ശ്രീകുമാര്‍ മേനോന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

മാത്രവുമല്ല, എംടി ഇന്നലെ കോട്ടക്കലില്‍ ഏതോ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. എംടിയെ നേരിട്ടുകണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. ഇന്ത്യന്‍ സിനിമ തന്നെ പ്രതീക്ഷയോടെ കാത്തിരുന്ന ഇതിഹാസ സിനിമ പ്രതിസന്ധിയില്‍ തുടരുന്നതിനിടെയാണ് സംവിധായകന്‍റെ പ്രതികരണം. എം.ടി.വാസുദേവന്‍ നായരുടെ വിഖ്യാത നോവലായ ‘രണ്ടാമൂഴ’ത്തെ അധികരിച്ച്  ഒരുങ്ങാനിരുന്ന സിനിമ നിയമക്കുരുക്കി‍ലായതിന് പിന്നാലെയാണ് സമവായ ചര്‍ച്ചകള്‍ നടക്കുന്നത്. സിനിമാ തിരക്കഥക്കേസിൽ എം.ടി.വാസുദേവൻ നായരെ അനുനയിപ്പിക്കാൻ സംവിധായകൻ വി.എ.ശ്രീകുമാർ മേനോൻ എത്തിയെങ്കിലും എഴുത്തുകാരന്‍ വഴങ്ങിയില്ലെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തകളോടാണ് ശ്രീകുമാര്‍ മോനോന്‍റെ പ്രതികരണം.

എംടിയുടെ നോവലായ രണ്ടാമൂഴത്തിനെ ആസ്പദമാക്കി എഴുതി നൽകിയ, മലയാളത്തിലും ഇംഗ്ലിഷിലുമുള്ള തിരക്കഥകൾ തിരികെ ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. കരാർ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് തിരക്കഥ തിരിച്ചു നൽകണമെന്നാണ് എംടി കോടതിയില്‍ ഉന്നയിച്ച ആവശ്യം. തിരക്കഥയ്ക്കു പ്രതിഫലമായി നൽകിയ പണം തിരിച്ചുതരാമെന്നും എംടി പറഞ്ഞു. എംടി നൽകിയ തിരക്കഥ ഉപയോഗിക്കുന്നതിൽ നിന്നു സിനിമയുടെ നിർമാതാവിനെയും സംവിധായകനെയും കഴിഞ്ഞദിവസം കോഴിക്കോട് മുൻസിഫ് കോടതി വിലക്കിയിരുന്നു. നിർമാതാവിനും സംവിധായകനും നോട്ടിസ് അയച്ച കോടതി, കേസ് 25ലേക്കു മാറ്റിയിരിക്കയാണ്. 3 വർഷത്തിനകം ചിത്രീകരണം തുടങ്ങണമെന്ന കരാറി‍ൽ തിരക്കഥകൾ നൽകി, 4 വർഷം പിന്നിട്ടിട്ടും ചിത്രീകരണം തുടങ്ങാത്ത സാഹചര്യത്തിലാണ് എംടി കോടതിയെ സമീപിച്ചത്. 

മോഹൻലാൽ നായക വേഷത്തിലെത്തുമെന്നു പ്രഖ്യാപിച്ചിരുന്ന ഈ സിനിമ മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായിരിക്കുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെട്ടിരുന്നു. പ്രവാസി വ്യവസായി ബി.ആർ.ഷെട്ടിയായിരുന്നു 1000 കോടി രൂപ മുടക്കി സിനിമ നിർമിക്കാൻ തീരുമാനിച്ചിരുന്നത്.