അധ്യാപികമാര്‍ക്കെതിരെ അസഭ്യവര്‍ഷം: ബിജെപി നേതാവിനെതിരെ പ്രതിഷേധം

അധ്യാപികമാര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തിയ ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷിനെതിരെ പ്രതിഷേധവുമായി അധ്യാപകരും വിദ്യാര്‍ഥികളും. ധനുവച്ചപുരം കോളജിലെ അധ്യാപികമാരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. 

ധനുവച്ചപുരം വി.ടി.എം എന്‍.എസ്.എസ് കോളജിലെ അധ്യാപികമാര്‍ക്കും പ്രിന്‍സിപ്പലിനുമെതിരെയാണ് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് അസഭ്യവര്‍ഷം നടത്തിയത്. ഇതിനെതിരെയാണ് പരസ്യപ്രതിഷേധവുമായി കോളജിലെ അധ്യാപികമാര്‍ ദേശീയപാതയിലൂടെ മൗനജാഥ നടത്തിയത്. സ്ത്രീത്വത്തെ മാനിക്കണം, കോളജിനെ രക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങളെഴുതിയ പ്ളക്കാര്‍ഡുകളേന്തിയായിരുന്നു മൗനജാഥ. വിദ്യാര്‍ഥികളും പിന്തുണയുമായെത്തി. കോളജ് സംഘര്‍ഷത്തില്‍ പ്രതികളായ എ.ബി.വി.പിക്കാര്‍ക്കെതിരെ നടപടിയെടുത്തതിനെതിരെ നടന്ന യോഗത്തിലായിരുന്നു ബി.ജെ.പി നേതാവിന്റെ അധിക്ഷേപ പ്രസംഗം. . അതേസമയം സി.പി.എം, എസ്.എഫ്.ഐ പ്രവര്‍ത്തകരും അധ്യാപികമാരുടെ ജാഥയ്ക്ക് പിന്തുണയുമായെത്തി.

പ്രിന്‍സിപ്പലും ചില അധ്യാപികമാരും സി.പി.എമ്മുകാരാണെന്ന് ആരോപിച്ചായിരുന്നു ബി.ജെ.പി നേതാവിന്റെ അസഭ്യവാക്കുകള്‍. പരാതിയുടെ അടിസ്ഥാനത്തില്‍ പാറശാല പൊലീസ് കേസെടുത്തിട്ടുണ്ട്.