ജയിലിലെത്തി ബിഷപ്പിന്റെ കൈമുത്തി പി.സി.ജോർജ്; ‘നിരപരാധിയെ അകത്താക്കിയതിന് ദൈവം ശിക്ഷിക്കും’; വിഡിയോ

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ജയിലെത്തി സന്ദർശിച്ച് പി.സി.ജോർജ് എംഎൽഎ. ഫ്രാങ്കോ മുളയ്ക്കൽ കേസിൽ നിരപരാധിയാണെന്ന് പി.സി ജോർജ് ആവർത്തിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ.

‘ഇതൊരു രഹസ്യ സന്ദർശനമൊന്നുമല്ല പരസ്യ സന്ദർശനമാണ്. എനിക്ക് ഒളിച്ചുവയ്ക്കാനൊന്നുമില്ല. എന്തിനാ ഒളിക്കുന്നേ. ഒരു നിരപരാധിയെ പിടിച്ച് സബ് ജയിലിൽ ഇട്ടേക്കുവല്ലേ  ഒന്നു കണ്ടേക്കാമെന്ന് കരുതി വന്നതാ. അദ്ദേഹത്തിന്റെ കൈമുത്തി ഞാൻ വണങ്ങി. ഇനിയും വരും പിതാവിെന കാണും. അദ്ദേഹം നിരപരാധിയാണെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പുണ്ട്. അദ്ദേഹത്തിനോട് ഇൗ കടുംകൈ കാണിച്ചതിന് ദൈവശിക്ഷ ഇടിതീ പോലെ വന്നു വീഴും.’ അദ്ദേഹം പറഞ്ഞു.

ബിഷപ് ഫ്രാങ്കോ കേസില്‍ പിസി ജോർജ് എംഎൽഎക്കെതിരെ ഇരയായ കന്യാസ്ത്രീ കോട്ടയം എസ്പിക്ക് പരാതിനല്‍കിയതിനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ. ‘ഏതു നിയമനടപടിയും നേരിടാൻ തയാറാണ്. ഞാൻ ഫ്രാങ്കോ പിതാവല്ല. പി.സി ജോർജ് എംഎൽഎയാ അതു മറക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.’

ഫ്രാങ്കോ മുളയ്ക്കലിനെ ജയിലാക്കിയത് കേരളത്തിലെ മാധ്യമങ്ങളാണെന്നും പി.സി ജോർജ് ആരോപിക്കുന്നു. കേസിനെ കുറിച്ചുള്ള വിശദമായ കാര്യങ്ങൾ നാളെ തിരുവനന്തപുരത്ത് നടത്തുന്ന വാർത്താസമ്മേളനത്തിൽ പറയുമെന്നും അദ്ദേഹം വെളിപ്പെടുത്തി.