കണ്ണൂർ മെഡിക്കൽ കോളജിലെ തലവരിപ്പണം; സിബിഐ അന്വേഷിക്കണമെന്ന് രക്ഷിതാക്കൾ

കണ്ണൂര്‍ മെഡിക്കല്‍ കോളജിനെതിരെ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിടുമെന്ന പ്രതീക്ഷയില്‍ രക്ഷിതാക്കള്‍. അന്വേഷണം നടന്നാല്‍ കോളജ് മാനേജ്മെന്റും പ്രവേശനമേല്‍നോട്ടസമിതിയും സര്‍ക്കാരും കുടുങ്ങുമെന്ന് രക്ഷിതാക്കള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

2016–17 ബാച്ചില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍നിന്ന് കണ്ണൂര്‍ മെഡ‍ിക്കല്‍ കോളജ് തലവരിപ്പണം വാങ്ങിയെന്നാണ് പരാതി. ഇതില്‍ സുപ്രീംകോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചാല്‍ വര്‍ഷങ്ങളായി നടന്ന ക്രമക്കേടുകള്‍ പുറത്തുവരുമെന്ന് രക്ഷിതാക്കള്‍ പറയുന്നു. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയെടുത്തില്ല. ആദ്യം വിദ്യാര്‍ഥികള്‍ക്കെതിരെ കോടതിയില്‍ വാദിച്ച സര്‍ക്കാര്‍ വിദ്യാര്‍ഥി സ്നേഹം പറഞ്ഞ് നിലനില്‍ക്കില്ലെന്ന് ബോധ്യമുണ്ടായിട്ടും ഓര്‍ഡിനന്‍സ് പുറത്തിറക്കി. കണ്ണൂര്‍ മെഡിക്കല്‍ കോളജിന്റെ വെബ്സൈറ്റ് ലിങ്ക് സ്വന്തം വെബ്സൈറ്റില്‍ നല്‍കി പ്രവേശനമേല്‍നോട്ടസമിതിയും വിദ്യാര്‍ഥികളെ വഞ്ചിച്ചെന്ന് പരാതിയുണ്ട്.

രോഗികളില്ലെന്ന കാരണത്താല്‍ പരിയാരം മെഡിക്കല്‍ കോളജിന് പോലും അനുമതി നിഷേധിച്ചപ്പോഴാണ് കണ്ണൂരിന് അനുമതി നല്‍കിയത്. ഇതില്‍ തിരിമറിയുണ്ടെന്നാണ് ആരോപണം. ഭൂപരിഷ്കരണനിയമം ലംഘിച്ചെന്ന പരാതിയില്‍ അന്തമായി നീളുന്ന വിജിലന്‍സ് അന്വേഷണത്തിനും തീരുമാനമുണ്ടാകും.