റോഡിലെ കുഴിയിൽ വീണ് അപകടങ്ങൾ‍; കരാർ കമ്പനിക്കും, ഉദ്യോഗസ്ഥർക്കുമെതിരെ നരഹത്യക്ക് കേസ്

തൃശൂർ കുതിരാനിലെ തകർന്ന റോഡിലെ കുഴിയിൽവീണു യാത്രക്കാർ മരിച്ച കേസുകളിൽ, റോഡ് കരാർ കമ്പനിക്കും ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥർക്കുമെതിരെ നരഹത്യയടക്കമുള്ള കേസുകൾ എടുത്തു അന്വേഷിക്കാൻ മജിസ്ട്രേറ്റ് കോടതി പീച്ചി എസ്ഐക്കു നിർദ്ദേശം നൽകി. ഹൈക്കോടതി കഴിഞ്ഞ വർഷം ജൂലൈ 27നു പുറപ്പെടുവിച്ച വിധി പാലിച്ചില്ലെന്നു കണ്ടെത്തിയതിനെത്തുടർന്നാണിത്.  

കരാറുകാരുടെയും അതോറിറ്റിയുടെയും അനാസ്ഥകൊണ്ടാണു അപകടങ്ങളും മരണങ്ങളും നടക്കുന്നതെന്നും സുരക്ഷാ മാനദണ്ഡം പാലിക്കാതെയാണു വാഹനം കടത്തിവിടുന്നതെന്നും കാണിച്ചു ഡിസിസി ജനറൽ സെക്രട്ടറി ഷാജി കോടങ്കണ്ടത്താണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി വിധി വന്ന ശേഷം 18പേർ മരിച്ചിട്ടും ലോറി ഡ്രൈവർമാർക്കു എതിരെ മാത്രമാണു പീച്ചി പൊലീസ് കേസെടുത്തത്. ഇതോടെയാണു  വീണ്ടും കോടതിയെ സമീപിച്ചത്. 

ഹൈക്കോടതി വിധി വന്നതിനു ശേഷമുണ്ടായ എല്ലാ അപകടത്തെക്കുറിച്ചും അന്വേഷിച്ചു നരഹത്യക്കു കേസെടുക്കണം . പൊലീസ് തയാറായില്ലെങ്കിൽ വീണ്ടുംഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം . ഇതുവരെ ദേശീയ പാത അതോറിറ്റിയും പൊലീസും കരാറുകാരും കോടതിയെ കബളിപ്പിച്ചെന്നാണ് ഹർജിക്കാരന്റെ ആരോപണം. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ പണി തുടങ്ങി  പത്തു വർഷമായിട്ടും ഇനിയും നിർമാണം പൂർത്തിയായിട്ടില്ല. ദേശീയപാത അധികൃതർക്ക് എതിരെ കോൺഗ്രസും എൽ.ഡി.എഫും വെവ്വേറെ സമരം തുടങ്ങിയിട്ടുണ്ട്.