ബിഷപ്പിനെതിരെ വത്തിക്കാൻ പേജിൽ കൂട്ടമായെത്തി മലയാളികൾ; കമന്റ് പ്രളയം

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വത്തിക്കാൻ ന്യൂസ് ഔദ്യോഗിക പേജിൽ മലയാളികളുടെ പ്രതിഷേധം. കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ചും ബിഷപ്പിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുമാണ് പേജിൽ മലയാളികൾ കൂട്ടമായി എത്തിയിരിക്കുന്നത്. പേജില്‍ പോസ്റ്റ് ചെയ്ത വാർത്തകൾക്ക് ചുവടെ കമന്റുകളായാണ് പ്രതിഷേധം.

''ഐ ആം ഫ്രം കേരള. ഞങ്ങളുടെ കന്യാസ്ത്രീകളെ സഹായിക്കണം. അവർക്ക് നീതി ഉറപ്പാക്കണം''. പേരുപറഞ്ഞുള്ള കമന്റുകളിൽ ഭൂരിഭാഗവും ഇങ്ങനെയാണ്. സേവ് അവർ നൺസ്, ബ്രിങ് ഫ്രാങ്കോ ഡൗൺ എന്നീ ഹാഷ്ടാഗുകളും കാണാം. 

ബിഷപ്പിനെതിരെ നടപടിയെടുക്കാത്തതിൽ മലയാളത്തിലുള്ള ചീത്തവിളികളും ഇടക്ക് കാണാം. 

കന്യാസ്ത്രീയുടെ കത്തുമായി ബന്ധപ്പെട്ട വാർത്തകൾ പോസ്റ്റ് ചെയ്തവരുമുണ്ട്. 

തെളിവുകളുണ്ടായിട്ടും ബിഷപ്പിനെതിരെ നടപടിയെടുക്കാത്തതിൽ കേരളത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം അഞ്ചാംദിവസത്തിലേക്ക് കടക്കുകയാണ്.

ഹൈക്കോടതി ജംഗ്ഷനില്‍ നടക്കുന്ന റിലേ നിരാഹാരസമരത്തോടനുബന്ധിച്ച് ഇന്ന് സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. സിനിമാ, സാഹിത്യമേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ സാംസ്കാരിക സമ്മേളനത്തില്‍ പങ്കെടുക്കും.

സംവിധായകന്‍ മേജര്‍ രവി, കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവര്‍ കഴിഞ്ഞദിവസം സമരപ്പന്തലിലെത്തി കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ പിന്തുണയോടെയാണ് കന്യാസ്ത്രീകള്‍ സമരം നടത്തുന്നത്

ബിഷപ്പിന് നോട്ടീസ് 

ലൈംഗിക പീഡനക്കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു പൊലീസ് നോട്ടീസ് നല്‍കും. ചുരുങ്ങിയ സമയത്തിനുള്ളില്‍ ചോദ്യംചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെടും.

ജലന്തര്‍ പൊലീസ് മുഖേനയോ, ഇമെയില്‍ വഴിയോ നോട്ടീസ് കൈമാറും. ഇന്നത്തെ ഉന്നതതലയോഗത്തിനുശേഷം നോട്ടീസ് നല്‍കാനാണ് തീരുമാനം. ചോദ്യംചെയ്യലിനുശേഷം അറസ്റ്റുണ്ടാകുമെന്ന് സൂചന. അറസ്റ്റില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്ന് വൈക്കം ഡിവൈഎസ്പി അറിയിച്ചു. ബിഷപ്പിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.

കുറ്റം തെളിയുന്നതുവരെ നിരപരാധി; ബിഷപ്പിനെ പിന്തുണച്ച് ചങ്ങനാശേരി സഹായമെത്രാന്‍

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് ചങ്ങനാശേരി സഹായമെത്രാന്‍ . കുറ്റം തെളിയുന്നതുവരെ നിരപരാധിയെന്ന് കരുതണമെന്ന് മാര്‍ തോമസ് തറയില്‍ ആവശ്യപ്പെട്ടു. ആരോപിതന്‍ മെത്രാനോ വൈദികനോ ആയാല്‍ ഇവിടെ സ്ഥിതി മറിച്ചാണ്. അന്വേഷണവും വിചാരണയും കഴിയാതെ കുറ്റവാളിയെ പ്രഖ്യാപിക്കുന്നത് കേരളമോഡല്‍ ആണെന്നും  മാര്‍ തോമസ് തറയില്‍  വിമർശിച്ചു. 

ജലന്തര്‍ ബിഷപ്പിനെതിരായ പീഡനക്കേസിൽ പൊലീസ് നടപടികളെ ന്യായീകരിച്ച് സിപിഎം കേന്ദ്രനേതൃത്വം രംഗത്തെത്തി.  അന്വേഷണം ശരിയായ ദിശയിലാണെന്നും മറിച്ചുള്ള കന്യാസ്ത്രീകളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള ഡല്‍ഹിയില്‍ പറഞ്ഞു.

ഗൂഢാലോചനയെന്ന് രൂപത

ആരോപണങ്ങള്‍ ‍ഗൂഢാലോചനയെന്ന നിലപാടിലാണ് ജലന്തര്‍ രൂപത. കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും  രൂപതയേയും ബിഷപ്പിനേയും ഇല്ലായ്മ ചെയ്യാനാണ് ശ്രമമെന്നും രൂപത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. കുറ്റം തെളിയും വരെ മാധ്യമവിചാരണ ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. 

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീ പരാതി നല്‍കിയിട്ട് 77 ദിവസം പിന്നിടുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ കോടതിയുടെ വിമര്‍ശനവും നാടെങ്ങും ഉയരുന്ന പ്രതിഷേധവുമാണ് അന്വേഷണ സംഘത്തിന്‍റെ ഇന്നത്തെ യോഗം നിര്‍ണായകമാക്കുന്നത്. ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ ബിഷപ്പിനെ സംരക്ഷിക്കാനുള്ള ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം. 

മൊഴിയിലെ വൈരുദ്ധ്യവും അന്വേഷണ സംഘം ശേഖരിച്ച തെളിവുകളും ബിഷപ്പിനെ ഇത്തവണ കുരുക്കിലാക്കും.‌ 2014, 16 കാലഘട്ടത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി.

വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടന്നു. കന്യാസ്ത്രീ, ബിഷപ്പ്, കര്‍ദിനാള്‍ ഉള്‍പ്പെടെ ഒരു ഡസനിലേറെ പേരുടെ മൊഴിയെടുത്തു.  കന്യാസ്ത്രീയുടെ രഹസ്യമൊഴിക്ക് പുറമെ നാടുക്കുന്ന് മഠത്തിലെ സന്ദര്‍ശക റജിസ്റ്റര്‍, വൈദ്യ പരിശോധന റിപ്പോര്‍ട്ട് ഉള്‍പ്പെടെ ബിഷപ്പിനെ കുരുക്കിലാക്കുന്ന തെളിവുകളും കണ്ടെത്തി. 

കന്യാസ്ത്രീയെ അറിയില്ലെന്നും പീഡനം നടന്ന മഠത്തില്‍ താമസിച്ചിട്ടില്ലെന്ന ബിഷപ്പിന്‍റെ മൊഴി കുരുക്കു മുറുക്കി. അന്വേഷണം ക്രൈംബാഞ്ചിന് വിട്ട് അന്വേഷണം അട്ടിമറിച്ച് ബിഷപ്പിനെ രക്ഷിക്കാനും ശ്രമം നടന്നു.

മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നതോടെ അന്വേഷണ സംഘം വിപുലീകരിച്ച് പൊലീസ് തടിതപ്പി. അന്വേഷണം പൂര്‍ത്തിയായതായി ജില്ലാ പൊലീസ് മേധാവി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. 

കന്യാസ്ത്രീയൂടെ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ആരാഞ്ഞു. നടപടികള്‍ വിശദീകരിച്ചുള്ള മറുപടി നാളെ കോടതിയില്‍ നല്‍കണം. ബിഷപ്പിനെ ചോദ്യം ചെയ്യാനായി നോട്ടിസ് നല്‍കി മുഖം രക്ഷിക്കാനാണ് പൊലീസിന്‍റെയും സര്‍ക്കാരിന്‍റെയും ശ്രമം.