അച്ഛനും അമ്മയും കുടുങ്ങികിടക്കുന്നു; ലൈവിൽ പൊട്ടിക്കരഞ്ഞ് മുന്ന

അച്ഛനും അമ്മയും ഉൾപ്പെടെ രണ്ടായിരത്തി അഞ്ഞൂറോളം പേർ കുടുങ്ങിക്കിടക്കുകയാണെന്നും സഹായിക്കണം എന്നും അഭ്യർഥിച്ച് നടൻ മുന്ന. ഇതുവരെ സഹായവുമായി ആരും ചെന്നിട്ടില്ലെന്നും അവിടെയുള്ളവർ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഇരിക്കുകയാണെന്നും മുന്ന ഫെയ്സ്ബുക്ക് വിഡിയോയിലൂടെ ആഭ്യർഥിച്ചു.പൂവത്തുശ്ശേരി സെന്റ് ജോസഫ് പള്ളിയിലാണ് ഇവർ കഴിയുന്നത്.

വെള്ളം കൂടിക്കൊണ്ടിരിക്കുകയാണെന്നും മുന്ന പറയുന്നുണ്ട്. കഴിഞ്ഞ രണ്ടി ദിവസമായി താൻ ഫെയ്സ്ബുക്ക് ലൈവിലൂടെ ഇവരുടെ സ്ഥിതിഗതികൾ അറിയിക്കുന്നുണ്ട്. 300-ലധികം ആളുകളാണ് പള്ളിയിൽ ഉണ്ടായിരുന്നത്. എന്നാലിപ്പോൾ രണ്ടായിരത്തിലധികമായി. ഇതുവരെ ഇവർക്ക് സഹായമെത്തിക്കാനായിട്ടില്ല. എന്ത് ചെയ്യണമെന്നറിയില്ല. ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഫോണോ ഒന്നുമില്ലെന്നും മുന്ന പറയുന്നു. ഇന്ന് തന്റെ അച്ഛന്റെ പിറന്നാളാണെന്നും എന്നാൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും പറയുന്നു. അവർക്ക് എങ്ങനെയെങ്കിലും കഴിക്കാനായി ഭക്ഷണം എത്തിക്കണം. ദയവ് ചെയ്ത് അവിടെയുള്ളവരെ രക്ഷിക്കാൻ സഹായിക്കണമെന്നും മുന്ന കരഞ്ഞുകൊണ്ട് അഭ്യർഥിക്കുന്നു.

അതേസമയം സംവിധായകൻ ഗൗതം മേനോൻ, തമിഴ് നടൻ കാർത്തി എന്നിവർ പള്ളിയുടെ ലൊക്കേഷൻ ഷെയർ ചെയ്തു കൊണ്ട് ഈ വിവരം പങ്കുവച്ച് രംഗത്ത് എത്തിയിട്ടുണ്ട്. അവിടയെുള്ളവർക്ക് വെള്ളവും ഭക്ഷണവും കിട്ടുമെന്ന് വിശ്വസിക്കുന്നതായും ഇരുവർക്കും നന്ദിയുണ്ടെന്നും മുന്ന ഫെയ്സ്ബുക്കിൽ കുറിച്ചു.