വീട്ടുപടിക്കലും പ്രളയം; അമ്പരപ്പോടെ അനന്യ; സഹായാഭ്യര്‍ഥന, വിഡിയോ

പ്രളയബാധിതരെ സഹായിക്കണമെന്നഭ്യർഥിച്ച് നടി അനന്യ ഫെയ്സ്ബുക്കിൽ ലൈവിൽ. പെരുമ്പാവൂരിലെ അനന്യയുടെ  വീടിന് സമീപം വെള്ളം കയറിയിരുന്നു. ഈ സാഹചര്യത്തിലാണ് ലൈവ് വിഡിയോ.  

''അസാധാരണ സാഹചര്യമാണ് നിലവിലുള്ളത്. 28 വർഷമായി പെരുമ്പാവൂരിൽ ജീവിക്കുന്നയാളാണ് ഞാൻ. ആദ്യമായാണ് ഇത്തരമൊരു സാഹചര്യം നേരിടേണ്ടിവരുന്നത്'', അനന്യ പറയുന്നു.

സംസ്ഥാനത്തെമ്പാടും കനത്തമഴയും കാറ്റും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുന്നു. ദുരന്തപ്പെയ്ത്തില്‍ 9 പേര്‍ മരിച്ചു. മലപ്പുറത്ത് വീട് തകര്‍ന്ന് ദമ്പതികളും മകനും മൂന്നാറില്‍ ലോഡ്ജ് തകര്‍ന്ന് ഒരാളും മരിച്ചു. ആലപ്പുഴയില്‍ മീന്‍പിടുത്തബോട്ട് മുങ്ങി മൂന്നുപേരെ കാണാതായി. ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 

പെരും പ്രളയമാണ് സംസ്ഥാനത്ത്. മുല്ലപ്പെരിയാറടക്കം 33 ഡാമുകള്‍ തുറന്നതോടെ പുഴകളും വഴികളും നിറഞ്ഞു. കനത്തമഴയും കാറ്റും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സംസ്ഥാനത്തെ വന്‍കെടുതിയിലേക്കാണ് നയിക്കുന്നത്. മലപ്പുറം പുളിക്കല്‍ കൈതക്കുണ്ടയില്‍ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ്  കണ്ണനാരി അസീസും ഭാര്യ സുനീറയും മകനും മരിച്ചു.

മൂന്നാറില്‍ പോസ്റ്റ് ഓഫിസിനു സമീപം ലോഡ്ജ് തകര്‍ന്നുവീണ് തമിഴ്നാട്ടുകാരന്‍‌ മരിച്ചു. കുടുങ്ങിക്കിടന്ന ഏഴുപേരെ നാട്ടുകാര്‍ രക്ഷിച്ചു. തൃശൂര്‍ വലപ്പാട്  പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റാണ് മല്‍സ്യത്തൊഴിലാളി രവീന്ദ്രന്‍ മരിച്ചത്. റാന്നി ഇട്ടിയപ്പാറയില്‍ മുങ്ങിയ വീട്ടില്‍  ഷോക്കേറ്റ്  ചുഴുകുന്നില്‍ ഗ്രേസി മരിച്ചു. അഷ്ടമുടിക്കായലില്‍ വള്ളം മുങ്ങിയാണ് കുരീപ്പുഴ ലില്ലിഭവനം പീറ്റര്‍ മരിച്ചത്. ഇടുക്കി കീരിത്തോട് കണിയാന്‍ കുടിയില്‍ സരോജിനി വീടിനുമുകളില്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചു.

ആലപ്പുഴയില്‍ മല്‍സ്യബന്ധനബോട്ട് മുങ്ങി മൂന്നുപേരെ കാണാതായി. നാലുപേരെ നാവികസേന രക്ഷപെടുത്തി.

പെരിയാറും മൂവാറ്റുപുഴയാറും തൊടുപുഴയാറും അച്ചന്‍കോവിലാറും കരകവിഞ്ഞൊഴുകുകയാണ്. മുല്ലപ്പെരിയാര്‍ തുറക്കുകയും ഇടുക്കിയില്‍ നിന്ന് കൂടുതല്‍ ജലം തുറന്നുവിടുകയും ചെയ്തതോടെ പെരിയാറില്‍ പ്രളയമാണ്.