കാലവർഷക്കെടുതിയിൽ നിന്നും ഇനിയും പാലക്കാട് മുക്തമായിട്ടില്ല

കാലവര്‍ഷക്കെടുതിയില്‍ നിന്ന് പാലക്കാട് ഇനിയും മുക്തമായിട്ടില്ല. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കുന്നുണ്ടെങ്കിലും വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവര്‍ തീരാ ദുഖത്തിലാണ്. പകരം വീടില്ലാതെ എത്രനാള്‍ ദുരിതാശ്വാസക്യാംപില്‍ കഴിയുമെന്നതാണ് ആശങ്കപ്പെടുത്തുന്നത്. പാലക്കാട് നഗരത്തിനോട് ചേര്‍ന്ന് ശംഖുവാരത്തോട് കോളനി, സുന്ദരം കോളനി എന്നിവിടങ്ങളില്‍ താമസിച്ചവരുടെ വീടുകൾ തകർന്നു. മേല്‍ക്കൂരയും ചുമരുകളും നിലംപതിച്ച് സര്‍വതും നഷ്ടപ്പെട്ടവര്‍ നിരവധി. വീടുകളുടെ മേല്‍ക്കൂരവരെ വെളളം കയറി എല്ലാം ഇല്ലാതായി. ചെളിയും മണ്ണും ദുര്‍ഗന്ധവും ഇഴജന്തുക്കളും നിറഞ്ഞ വീടുകളാണ് ചിലത്.

മിക്കവീടുകളും പൂര്‍ണമായും തകര്‍ന്നതാണ്. സര്‍ക്കാരിന്റെ ധനസഹായം എന്ന് കിട്ടും. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മാണം എന്ന് സാധ്യമാകും. എത്രനാള്‍ ദുരിതാശ്വാസക്യാംപില്‍ താമസിക്കും. 13 , 14 തീയതികളില്‍ പ്രത്യേക അദാലത്ത് നടത്തി വീടും രേഖകളും നഷ്ടപ്പെട്ടവരുടെ കണക്കെടുക്കാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം. പത്ത് ദുരിതാശ്വാസ ക്യാംപുകളിലായി രണ്ടായിരത്തിലധികം പേരാണ് താമസിക്കുന്നത്.