കൂട്ടുകാർ പോയതറിയാതെ അവർ യാത്ര തുടർന്നു

ചെമ്മണ്ണ് ടീ എസ്റ്റേറ്റ് ലയവും ഏലപ്പാറയും ഇന്നലെ ഉറങ്ങിയിട്ടില്ല. സന്തോഷം നിറഞ്ഞുനിന്ന വൈകുന്നേരം ആകാംക്ഷ നിറഞ്ഞ രാത്രിയിലേക്കും കൂട്ടക്കരച്ചിലിന്റെ പുലരിയിലേക്കും ചെന്നെത്തിയത് വളരെ പെട്ടെന്നായിരുന്നു. ഗ്രാമത്തിലെ മൂന്നു യുവാക്കൾക്ക് ഒരുമിച്ചു വിദേശത്തു ജോലി തരപ്പെട്ടതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. ജിബിൻ, തോമസ് മൈക്കിൾ, വിഷ്ണു എന്നിവരെ നെടുമ്പാശേരി വിമാനത്താവളത്തിലാക്കാൻ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും അഞ്ചു വാഹനങ്ങളിൽ പുറപ്പെട്ടത്.

തോമസും വിഷ്ണുവും കുടുംബാംഗങ്ങൾക്കൊപ്പം ആദ്യം പുറപ്പെട്ട രണ്ടു വാഹനങ്ങളിലായി പോയി. ജിബിൻ, സഹോദരൻ ജെറിനും മറ്റ് അഞ്ചു സുഹൃത്തുക്കൾക്കുമൊപ്പം ഏറ്റവും അവസാനത്തെ വാഹനത്തിലും. രണ്ടു മണിയോടെയാണു വിമാനത്താവളത്തിൽ എത്തേണ്ടിയിരുന്നത്. ആദ്യം പുറപ്പെട്ട വാഹനങ്ങൾ കൃത്യസമയത്തു തന്നെ വിമാനത്താവളത്തിലെത്തി. ജിബിൻ എത്താത്തത് എന്താണെന്ന് അന്വേഷിക്കുന്നതിനിടെ ചെറിയൊരു അപകടമുണ്ടായെന്നും ജിബിന് എത്താൻ കഴിയില്ലെന്നും വിമാനത്താവളത്തിലെ ബന്ധുക്കൾക്കു ഫോൺ സന്ദേശമെത്തി.

 

ജ്യേഷ്ഠനെ യാത്രയാക്കാൻ പോയി: അനുജൻ യാത്രയായി; തോരാമഴക്കണ്ണീർ

അങ്ങനെ തോമസും വിഷ്ണുവും പ്രിയ സുഹൃത്തുക്കൾക്ക് സംഭവിച്ചതറിയാതെ ഒമാനിലേക്കു യാത്രയായി. ‘ആദ്യം പുറപ്പെട്ട വാഹനത്തിലാണ് മകൻ തോമസ് മൈക്കിളും ഞാനും ബന്ധുക്കളുമുൾപ്പെടെ 12 പേർ ഉണ്ടായിരുന്നത്. ഞങ്ങൾ നെടുമ്പാശേരിയിലെത്തി ജിബിനെ കാത്തുനിൽക്കുമ്പോഴാണ് ചെറിയൊരു അപകടമുണ്ടായതായി ഫോൺവിളിയെത്തിയത്. അങ്ങനെ തോമസും വിഷ്ണുവും പോകാൻ തീരുമാനിക്കുകയായിരുന്നു. അവരെ അയച്ച ശേഷം ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവിച്ചതെന്താണെന്നു മനസ്സിലായത്’–  തോമസ് മൈക്കിളിന്റെ മാതാവ് ഡെയ്സി പറഞ്ഞു.

 

യാത്രയായി ഒരുമിച്ച്

ചെമ്മണ്ണ് ടീ എസ്റ്റേറ്റ് ലയത്തിൽത്തന്നെ താമസിച്ചിരുന്നവരാണ് മരിച്ചവരിൽ നാലു പേരുടെ കുടുംബങ്ങളും. സ്റ്റീഫന്റെയും യേശുദാസിന്റെയും സുധയുടെയും കുടുംബങ്ങൾ പിന്നീടു സ്ഥലം വാങ്ങി വീടുവച്ചു മാറി. എന്നാലും എല്ലാ വീടുകളും ചുറ്റുവട്ടത്തു തന്നെ. എല്ലാവരും കളിക്കൂട്ടുകാർ. അതുകൊണ്ടാണ് സുഹൃത്തുക്കളെ യാത്രയാക്കാൻ ഇത്രയധികം പേർ കൂടെപ്പോയത്.