ആൾമാറാട്ടം, ജോലിതട്ടിപ്പ്, വിവാഹതട്ടിപ്പ്, ഞൊടിയിടെ വേഷംമാറ്റം: ഫലീലിന്റെ കൃത്യങ്ങൾ അമ്പരപ്പിക്കുന്നത്

പറഞ്ഞാല്‍ തീരില്ല കണ്ണൂരിൽ അറസ്റ്റിലായ ആള്‍മാറാട്ടക്കാരൻ ഫലീലിൻറെ വീരകൃത്യങ്ങൾ. കാഴ്ചയില്‍ ജെൻറിൽമാന്‍ ആണെങ്കിലും ഇയാൾ പഠിച്ച കള്ളനാണെന്നാണ് പോലീസ് അന്വേഷണം വ്യക്തമാക്കുന്നത്. 

ഫലീല്‍, ജലീല്‍, ഖലീല്‍, സലീം, ഷംസുദ്ദീന്‍, ആബിദ്.. ഇങ്ങനെ പേരുകള്‍ തന്നെ പലതുണ്ട്. സിനിമയേക്കാള്‍ സിനിമാറ്റിക് ആയ തട്ടിപ്പുകളാണ് ഇയാൾ നടത്തിയത്. വടകര മുതൽ കാസർഗോഡ് വരെയുള്ളവർ പറ്റിക്കപ്പെട്ടവരുടെ ലിസ്റ്റിൽ ഉൾപ്പെടും. ദുബായിൽ സൂപ്പർമാർക്കറ്റിൽ മകനു ജോലി വാഗ്ദാനം ചെയ്തും എസ്എസ്‍എൽസി, പ്ലസ് ടു പരീക്ഷകൾ ജയിപ്പിക്കാമെന്ന് പറഞ്ഞുമൊക്കെയാണ് ഇയാൾ ആളുകളെ പറ്റിച്ചിരുന്നത്. 

ഞൊടിയിടയില്‍ വേഷം മാറാന്‍ അതിവിദഗ്ധനാണ് ഫലീല്‍. ബാഗിൽ എപ്പോഴും നിരവധി വസ്ത്രങ്ങളുണ്ടാകും, കൂടാതെ പല നീളത്തിലും നിറത്തിലുമുള്ള വിഗ്ഗുകളും. കള്ളം വെളിച്ചത്താകുമെന്ന് ഉറപ്പായാൽ ഇതിലൊരെണ്ണം അതിവിദഗ്ധമായി തലയിൽ പിടിപ്പിച്ച ആരുമറിയാതെ നടന്നുനീങ്ങും. 

ചെറിയ തോതിൽ അംഗവൈകല്യമുണ്ടെന്നാണ് ഇയാൾ പോലീസിനോട് പറ‍‍ഞ്ഞിരിക്കുന്നത്. എന്നാല്‍ തട്ടിപ്പ് പിടിക്കപ്പെട്ടപ്പോൾ നാട്ടുകാർ നന്നായി പെരുമാറിയതാണെന്നാണ് പരാതിക്കാർ പറയുന്നത്. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലായി ഇയാൾക്ക് ഒട്ടേറെ അക്കൗണ്ടുകൾ ഉണ്ടെന്നാണ് തട്ടിപ്പിനിരയായ ഷക്കീർ പറയുന്നത്. മലബാറിൽ ഓടുന്ന മൂന്നു ബസുകൾ, ആയിക്കരയിൽ ചെമ്മീൻ ബിസിനസ് എന്നിവ സ്വന്തമായുണ്ടെന്നും ഇയാൾ പറഞ്ഞിരുന്നു. 

വിവാഹത്തട്ടിപ്പും ഫലീൽ അതിസമർത്ഥമായി നടത്തിയതായാണ് കണ്ടെത്തൽ. ഒരു വനിതയുൾപ്പെടെ നാലു പേരുടെ സഹായത്തോടെയായിരുന്നു തട്ടിപ്പ്. ചെക്കന്റെ ബന്ധുക്കളായി ഇവർ തകർത്തഭിയിക്കും. കൂടെ ഒരു വ്യാജ മുസല്യാരുമുണ്ടാകും. വിവാഹം കഴിഞ്ഞ് പ്രധാന ആരാധനാലയങ്ങൾ പുതുപ്പെണ്ണിനോടൊപ്പം സന്ദർശിക്കും. ഒന്നു രണ്ടു മാസം കഴിയുമ്പോൾ ഫലീൽ മുങ്ങും. പല ബന്ധങ്ങളിലും ഇയാൾക്കു മക്കളുമുണ്ടെന്നാണ് വിവരം.