ആവശ്യത്തിന് വിദ്യാർഥികളില്ല; സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ പൂട്ടാനൊരുങ്ങുന്നു

വിദ്യാര്‍ഥികള്‍ കുറഞ്ഞതിനെ തുടര്‍ന്ന് നാല് സ്വാശ്രയ എന്‍ജിനീയറിങ് കോളജുകൾ പൂട്ടാന്‍ അനുവാദം തേടി സാങ്കേതിക സര്‍വകലാശാലക്ക് കത്ത് നല്‍കി. മറ്റ് മൂന്ന് കോളജുകള്‍ പോളിടെക്നിക്കുകളാക്കാന്‍ ആലോചിക്കുന്നു. സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില്‍ മൂന്നിലൊന്നില്‍പോലും സീറ്റുകളെല്ലാം നിറയുന്നില്ല. 

സംസ്ഥാനത്ത് സ്വകാര്യ സ്വാശ്രയ മേഖലയില്‍ 120 എന്‍ജിനീയറിങ് കോളജുകളുണ്ട്. സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകള്‍ 32 ഉം. ബിടെക് പാസാകുന്നവര്‍ക്ക് ജോലികിട്ടുന്നില്ല, പലകുട്ടികളും കോഴ്സ് പൂര്‍ത്തിയാക്കാനാവാതെ പാതിവഴിക്ക് നിറുത്തുന്നു എന്നതിനാലാണ് എന്‍ജിനീയറിങ് കോഴ്സുകള്‍ക്ക് ആവശ്യക്കാരില്ലാതെയാകാന്‍പ്രധാനകാരണം. 

കുട്ടികളില്ലാതെ നഷ്ടത്തിലായ നാല് കോളജുകള്‍പൂട്ടാന്‍ അനുവാദം തേടി . ചില കോളേജുകള്‍ കുട്ടികളില്ലാത്ത കോഴ്‌സുകള്‍ നിര്‍ത്താന്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. ഇവയുടെ അപേക്ഷ സര്‍വകലാശാല പരിഗണിച്ച് വരികയാണ്. അതേസമയം മൂന്ന് കോളജുകള്‍ പോളിടെക്നിക്കുകളാക്കാനുള്ള അപേക്ഷ അംഗീകരിച്ചേക്കില്ല. അത് സാങ്കേതിക വിദ്യാഭ്യാസ രംഗത്തിന് ഗുണകരമാകില്ല എന്ന വിലയിരുത്തലാണ് സര്‍വകലാശാലക്കും സര്‍ക്കാരിനുമുള്ളത്. 

കഴിഞ്ഞ വര്‍ഷം നാല് സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകള്‍ പൂട്ടാന്‍ അപേക്ഷ നല്‍കി. ഇതില്‍ രണ്ടെണ്ണം പൂട്ടി. രണ്ടെണ്ണം ഭാഗികമായി പ്രവര്‍ത്തിച്ചുവരികയാണ്. കഴിഞ്ഞ അധ്യയന വര്‍ഷം സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ ആകെയുള്ള 23,600 മെറിറ്റ് സീറ്റില്‍ 16,000 സീറ്റും ഒഴിഞ്ഞുകിടക്കുകയായിരുന്നു..61 കോഴ്സുകളില്‍ ഒരു കുട്ടി പോലും മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയില്ല. ഒരു കുട്ടി മാത്രം പ്രവേശനം നേടിയ ശാഖകള്‍ 66 എണ്ണമായിരുന്നു. പത്തില്‍ താഴെ കുട്ടികള്‍ പഠിക്കുന്ന ബ്രാഞ്ചുകള്‍ 236 ആണ്.