പ്രസവ ശസ്ത്രക്രിയകൾക്ക് നിയന്ത്രണം; കേന്ദ്ര നീക്കം അപ്രായോഗികം: ആരോഗ്യവിദഗ്ധർ

പ്രസവ ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അപ്രായോഗികമാണെന്ന് ആരോഗ്യവിദഗ്ധര്‍. മാതൃശിശു മരണ നിരക്ക് കൂടാന്‍ ഇത് കാരണമാകുമെന്നും ആശങ്കയുയരുന്നു. നിര്‍ദേശം സ്വീകാര്യമല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും വ്യക്തമാക്കി. 

ആയുഷ്മാന്‍ ഭാരത് ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ പ്രസവ ശസ്ത്രക്രിയ നടത്തണമെങ്കില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള അനുമതി വേണമെന്നാണ് നിബന്ധന. സ്വാഭാവിക പ്രസവം പ്രോത്സാഹിപ്പിക്കാനാണ് ഈ നീക്കമെന്നും എന്‍ എച്ച് പി എം ചീഫ് എക്സിക്യൂട്ടീവ് ഒാഫീസര്‍ ഇന്ദു ഭൂഷണ്‍ വ്യക്തമാക്കി. എന്നാല്‍ ഇത്തരമൊരു നീക്കം മാതൃശിശു മരണനിരക്ക് കൂട്ടുമെന്ന ആശങ്കയാണുയരുന്നത്. സിസേറിയന്‍ അടിയന്തര ഘട്ടത്തിലാണ് ആവശ്യമായി വരുകയെന്നും അപ്പോള്‍ അനുമതിയ്ക്കായി കാത്തിരിക്കാനാകുമോയെന്നും വിദഗ്ധര്‍ ചോദിക്കുന്നു.

അപ്രായോഗികമെന്നാണ് ഐ എം എയുടേയും നിലപാട്.  ദേശീയ കുടുംബ ആരോഗ്യ  സര്‍വ്വേ പ്രകാരം കേരളത്തിലെ മുപ്പത്തിയാറു ശതമാനം പ്രസവങ്ങളും ശസ്ത്രക്രിയ വഴിയാണ്. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെയുള്ള ശസ്ത്രക്രിയകള്‍ നിയന്ത്രിക്കാന്‍ ബോധവത്കരണം ഉള്‍പ്പെടെയുള്ള പ്രായോഗിക നിര്‍ദേശങ്ങളാണ് വേണ്ടതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു