ചെങ്ങന്നൂരിൽ വോട്ടെടുപ്പിനൊപ്പം മഴയ്ക്ക് സാധ്യത; പോളിംഗിനെ ബാധിക്കില്ലെന്ന് മുന്നണികൾ

നാളെ ചെങ്ങന്നൂരിൽ വോട്ടെടുപ്പിനൊപ്പം  മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാൽ മഴ കാരണം ആരും വോട്ടു ചെയ്യാതിരിക്കുന്ന അവസ്ഥ ഉണ്ടാകില്ലെന്ന് ഉറപ്പിക്കുകയാണ് മൂന്ന് മുന്നണികളും തിരഞ്ഞെടുപ്പ് കമ്മിഷനും. ചെങ്ങന്നൂരിന്റെ ചൂടുപിടിച്ച തിരഞ്ഞെടുപ്പ് പ്രചാരണം തണുപ്പിച്ചാണ് മഴ എത്തിയത്. വോട്ടെടുപ്പ് ദിവസം മഴ പെയ്യുമെന്നാണ് പ്രവചനം. എന്നാൽ മേഘങ്ങൾ മഴക്ക് ഒരുങ്ങും മുൻപ് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ മുൻകരുതൽ തുടങ്ങിയിട്ടുണ്ട്. ചോർച്ച ഉണ്ടകുകാനിടയുള്ള ബൂത്തുകളിൽ ടാർപോളിൻ കൊണ്ട് മറച്ചു. വരിയിൽ നിൽക്കുന്നവരെ മഴ കൊള്ളിക്കില്ലെന്ന് ആർ ഡി ഓ യുടെ ഉറപ്പ് 

ആറുമണിമുതൽ പ്രവർത്തകർ ഓരോ ബൂത്തുകളിലും സജീവമാകുമെന്നും മഴ പെയതാൽ വോട്ടർമാരെ ബൂത്തിലെത്തിക്കാനുള്ള വാഹന സൗകര്യം ഉറപ്പാക്കുമെന്ന് യു ഡി എഫ്.പേമാരി പെയ്താൽ പോലും വോട്ടു ചോരില്ലെന്ന് ഇടതുപക്ഷം.മഴ ചതിക്കില്ലെന്നും പ്രവർത്തകർ രാവിലെ തന്നെ വോട്ടിനെത്തുമെന്നും ബിജെപി. അതേസമയം, കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് ശതമാനം ഉയരുമെന്നാണ് മുന്നണികളുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും പ്രതീക്ഷ.