മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചാൽ വിധി മാറും; പൊലീസിന്റെ ട്രോള്‍ മുന്നറിയിപ്പ്

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ചാല്‍ കേസെടുക്കാനാവില്ല എന്ന ഹൈക്കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്യുന്നതിനെതിരെ പൊലീസിന്റെ ട്രോള്‍ മുന്നറിയിപ്പ്. പൊലീസ് ആസ്ഥാനത്ത് രൂപീകരിച്ച സോഷ്യല്‍ മീഡിയ സെല്ലാണ്, ഇതടക്കം ട്രോളുകളുമായി സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നത്.  അശ്രദ്ധമായി വാഹനമോടിച്ചാല്‍ നടപടിയെടുക്കാന്‍ ഇപ്പോഴും പല വഴികളുണ്ടെന്നാണ് പൊലീസ് ഭാഷ്യം. 

മൊബൈ‍ല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ചാല്‍ കേസെടുക്കാനാവില്ല എന്ന ഹൈക്കോടതി പരാമര്‍ശത്തിന്റെ വാസ്തവമറിയാതെ പ്രചരിപ്പിക്കുന്നവരോട് പൊലീസിന് പറയാന്‍ ഇത്ര മാത്രമേയുള്ളൂ. 

പൊലീസ് ആക്ടി‍ലെ 118 ഇ വകുപ്പുപ്രകാരം പൊലീസ് കേസെടുത്ത വിഷയത്തിലാണ് ഹൈക്കോടതി ഇടപെട്ടത്. ഇങ്ങനെ കേസെടുക്കാന്‍ പാടില്ലെന്ന് നിര്‍ദേശിക്കുമ്പോഴും അശ്രദ്ധമായി വാഹനമോടിച്ചാല്‍ മറ്റ് ‍വകുപ്പുകളില്‍ കേസെടുക്കാന്‍ ഹൈക്കോടതിയുടെ വിലക്കില്ല. ഉദ്യോഗസ്ഥരില്‍ ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ നല്‍കിയ ഈ മുന്നറിയിപ്പാണ് ട്രോള്‍ രൂപത്തില്‍ പൊലീസിലെ സൈബര്‍ പോരാളികള്‍ ഏറ്റെടുത്തത്. ഇത് മാത്രമല്ല, കോഴിക്കോട്ടെ നിപ്പ ബാധയില്‍ ജീവന്‍ വെടിഞ്ഞ നഴ്സിന് ആദരമര്‍പ്പിക്കുന്ന ഈ ട്രോള്‍ പൊലീസിന്‍റെ ജനകീയത വീണ്ടെടുക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ചെറുതും ആരും ശ്രദ്ധിക്കാത്തതുമായ പൊലീസിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ വേറെയും പോസ്റ്റുകള്‍ പുതിയ സോഷ്യല്‍ മീഡിയ സെല്ലിന്റെതായി പുറത്തുവന്നു. ചിലരുടെ കയ്യിലിരുപ്പിന് സേനയെയാകെ പഴി പറയുന്നു എന്ന പരാതി പൊലീസുകാര്‍ക്ക് മുന്‍പെയുണ്ട്. മര്യാദവിട്ട പെരുമാറ്റവും വാഹന പരിശോധനയിലെ അമിതാവേശ‌വും മുതല്‍ കസ്റ്റഡിക്കൊല വരെയായോടെ പൊലീസ് നേതൃത്വത്തിന്റെ മുഖവും വല്ലാതെ മോശമായി. എല്ലാം മിനുക്കിയെടുക്കുകയാണ് സോഷ്യല്‍ മീഡിയ സെല്ലിന്റെ ദൗത്യം. മുന്‍പ് സ്വന്തംനിലയില്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന പൊലീസുകാരാണ് ഈ സൈബര്‍ സേനയില്‍ എല്ലാവരും. ശുപാര്‍ശയോ മറ്റ് പരിഗണനകളോ ഇല്ലാതെ എഴുത്തുപരീക്ഷ അടക്കം നടത്തിയായിരുന്നു ഇവരുടെ തിരഞ്ഞെടുപ്പ് എന്നതാണ് വലിയ പ്രത്യേകത. അത് ഫലം കാണുന്നു എന്നാണ് പൊതു വിലയിരുത്തല്‍.