പാതിവഴിയിൽ ഇറങ്ങുന്ന ഒൻപതാമത്തെ ഗതാഗത മന്ത്രി തോമസ് ചാണ്ടി

ഗതാഗതവകുപ്പിന്റ ചരിത്രത്തിൽ പാതിവഴിയിൽ ഇറങ്ങുന്ന ഒൻപതാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി. ഒന്നര വർഷത്തിനിടയിൽ രണ്ടാമത്തെയാളും. എട്ടുമാസത്തെ മന്ത്രിസ്ഥാനം തോമസ് ചാണ്ടിക്ക് അത്ര നല്ല അനുഭവങ്ങളല്ല സമ്മാനിച്ചത്. 

ഗതാഗതമന്ത്രിമാർ മുൻപും രാജിവച്ചിട്ടുണ്ടെങ്കിലും ഒരു മന്ത്രിസഭയിൽ തന്നെ രണ്ട് പേർ പുറത്തുപോകുന്നത് ഇതാദ്യം. അതും ഒന്നരവർഷത്തിനിടെ. പെൺകുട്ടിയോട് ഫോണിൽ ലൈംഗികച്ചുവയോടെ സംസാരിച്ചതാണ് എ.കെ ശശീന്ദ്രന്റ കസേര തെറിക്കാൻ കാരണമായതെങ്കിൽ ഭൂമി കയ്യേറ്റ ആരോപണമാണ് തോമസ് ചാണ്ടിക്ക് വിനയായത്. നാലുപതിറ്റാണ്ടിനിടെ കാലാവധി പൂർത്തിയാകാതെ ഇറങ്ങിയ ഒൻപത് പേരിൽ എട്ടുപേരും ഘടകകക്ഷിക്കാർ. രണ്ടുതവണ പോയത് ആർ. ബാലകൃഷ്ണപിള്ള. 2003ൽ അതേ ബാലകൃഷ്ണപിള്ളയ്ക്ക് മന്ത്രിസ്ഥാനം തിരികെ നൽകാൻ വേണ്ടി മകൻ കെ.ബി ഗണേഷ് കുമാറിന് രാജിവയ്ക്കേണ്ടിവന്നു. പി.ആർ.കുറുപ്പ്, എ.നീലലോഹിത ദാസൻ നാടാർ, മാത്യു ടി തോമസ് എന്നിവരാണ് കസേരയൊഴിയേണ്ടി വന്ന ജനതാദളുകാർ. കെ·.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു എട്ടുമാസം മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ തലവേദന. തുടർച്ചയായി പെൻഷൻ മുടങ്ങുന്നതിലുള്ള പ്രതിഷേധം ഒരുവശത്ത്. മറുവശത്ത് വായ്പയെടുക്കാനുള്ള നീക്കം അനന്തമായി നീളുന്നു. ജീവനക്കാരെ നല്ലവഴി നടത്താനുള്ള മുൻ എം.ഡി എം.ജി രാജമാണിക്യത്തിന്റ നടപടികളെയും എതിർത്തു. ഇതിനിടെ അടുപ്പക്കാരെ ചിലരെ കെ.എസ്.ആർ.ടി.സിയിൽ തിരുകികയറ്റാനുള്ള മന്ത്രിയുടെ നീക്കത്തിന് തടയിട്ടതോടെ രാജമാണിക്യത്തിന് കസേര തന്നെ നഷ്ടമായി. ആഴ്ചകൾക്കുള്ളിൽ മന്ത്രിയും വിവാദച്ചുഴിയിൽ പെട്ട് ഒഴിയുന്നതോടെ നിർത്തിയിടത്ത് തന്നെ കിടക്കുകയാണ് കെ.എസ്.ആർ.ടി.സി.