നിപ്പാ വൈറസ് ബാധ; ആരോഗ്യ വകുപ്പിന്റെ കടുത്ത അനാസ്ഥ; ഭീതിയിൽ കേരളം

നിപ്പ വൈറസ് സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ സുരക്ഷ ഒരുക്കാതെ ആരോഗ്യവകുപ്പ്. ജീവനക്കാര്‍ക്ക് അത്യാവശ്യം വേണ്ട മാസ്ക് പോലും വിതരണം ചെയ്തില്ലെന്നാണ് പരാതി. പണം അടച്ചില്ലെങ്കില്‍ നിപ്പ വൈറസ് ബാധിച്ച രോഗിയെ ചികില്‍സിക്കില്ലെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി നിലപാടെടുത്തതും വിവാദമായി. മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്

നിപ്പ വൈറസ് ബാധയാല്‍ മരിച്ച പേരാമ്പ്ര ചങ്ങരോത്ത് സഹോദരങ്ങളായ സാലിഹ്, സാമ്പിത്ത് എന്നിവുരടെ വീട്ടില്‍ ആരോഗ്യപ്രവര്‍ത്തകരെത്തി ബന്ധുക്കളെ പരിശോധിച്ചത് മാസ്ക് ഇല്ലാതെയാണ്. വായുവിലൂടെ വൈറസ് പടരില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് പറയുമ്പോഴും വൈറസ് ബാധയുള്ളവരുടെ ഒരു മീറ്റര്‍ ചുറ്റളവില്‍ രോഗം പകരാനുള്ള സാധ്യത ആരോഗ്യവിദഗ്ധര്‍ തള്ളിക്കളയുന്നില്ല. പ്രദേശത്ത് ബോധവല്‍ക്കരണ പരിപാടികളും തുടങ്ങിയിട്ടില്ല. എന്നാല്‍ ആരോഗ്യമന്ത്രിയുടെ അവകാശവാദം മറിച്ചാണ്

നിപ്പ സ്ഥിരീകരിച്ച രോഗി  വെറ്റിലേറ്റര്‍ ഉപയോഗിക്കുന്നതിന്‍റെ പണം  ഉടന്‍ അടയ്ക്കണമെന്ന് സ്വകാര്യ ആശുപത്രിയുടെ ആവശ്യം. നിപ്പാ വൈറസ് ബാധിച്ച് മരിച്ച സഹോദരങ്ങളുടെ പിതാവാണ് ചികില്‍സയിലുള്ളത്. രോഗിക്ക് ചികില്‍സനിഷേധിക്കരുതെന്ന കര്‍ശന നിര്‍ദേശം മന്ത്രി ടി.പി. രാമകൃഷ്ണന്‍ നല്‍കിയതോടെ താല്‍കാലിക പ്രശ്നപരിഹാരമായി