കാറിന്റെ ചിത്രം കണ്ട് പേടിക്കേണ്ട, തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് സിത്താര; വിഡിയോ

ഇടിച്ചുതകര്‍ന്ന കാറിന്റെ ചിത്രം കണ്ട് പേടിക്കേണ്ട. എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല... ഗായിക സിത്താര കൃഷ്ണകുമാറിന്റെ വാക്കുകളാണിത്. ഇന്നു രാവിലെ സിത്താര ഒാടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഇപ്പോള്‍ അപകടത്തെ കുറിച്ച് സിത്താര ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അപകടത്തെ കുറിച്ച് വ്യക്തമാക്കുന്നത്. അപകടവാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ ഒട്ടേറെ പേര്‍ നേരിട്ടും അല്ലാതെയും വിളിച്ചു അപകടത്തെ കുറിച്ച് അന്വേഷിച്ചു. ഇതിന് കാരണം വാര്‍ത്തയ്ക്ക് ഒപ്പം നല്‍കിയ കാറിന്റെ ചിത്രമാണെന്ന് സിത്താര പറയുന്നു. 

രാവിലെ കാറോടിച്ച് പോകുമ്പോള്‍ എതിരെ വന്ന ഇരുചക്രവാഹനക്കാരനെ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോഴാണ് പോസ്റ്റിലിടിച്ച് അപകടമുണ്ടായത്. ഇൗ സമയം കാറില്‍ സിത്താര മാത്രമേ ഉണ്ടായിരുന്നുളളൂ. പോസ്റ്റിലിടിച്ച് കാറിന്റെ മുന്‍വശം തകര്‍ന്നിരുന്നു. ഇൗ ചിത്രം വാര്‍ത്തകളില്‍ വന്നതോടെ സംഭവിച്ചത് വലിയ അപകടമാണെന്ന് തെറ്റിദ്ധരിച്ചാണ്  ഒട്ടേറെ കോളുകള്‍ എത്തുന്നത്. എന്നാല്‍ തനിക്ക് നിസാരപരുക്കേയുള്ളൂവെന്നും ചിത്രത്തില്‍ കാണുന്ന പോലെ ഭീകരമായ ഒരു അപകടം അല്ല നടന്നതെന്നും സിത്താര വ്യക്തമാക്കുന്നു.