ചാലിയാറില്‍ വ്യാപക കയ്യേറ്റം

വെളളത്തിന് നിറവ്യത്യാസം കണ്ടെത്തിയ ചാലിയാറില്‍ വ്യാപക കയ്യേറ്റവും.  മണ്ണിട്ടു നികത്തിയും കെട്ടിടം നിര്‍മിച്ചും പുഴ കയ്യേറുന്നതിന്റെ നേര്‍ക്കാഴ്ചകളാണ് മനോരമ ന്യൂസ് അന്വേഷണത്തില്‍ കണ്ടെത്താനായത്.  പുഴ കയ്യേറിയുളള കൃഷിയിലെ അമിത കീടനാശിനി, രാസവള പ്രയോഗങ്ങളും പുഴയെ നാശത്തിലേക്ക് നയിക്കുന്നു.

കീഴുപറമ്പ് കുനിയില്‍ ഭാഗത്ത് പുഴയോരം മണ്ണിട്ടു നികത്തിയെടുക്കുകയാണ്. പൊലീസ് മുന്നറിയിപ്പ് അവഗണിച്ചാണ് ഇവിടുത്തെ  പുഴകയ്യേറ്റം. 

കോണ്‍ക്രീറ്റ് കെട്ടിടം പുഴയിലേക്ക് ഇറക്കിയാണ് നിര്‍മാണം. അരീക്കോടിന് സമീപത്തു നിന്നാണ് ഈ ദൃശ്യങ്ങള്‍. ചാലിയാന്റെ കരയിലെ റവന്യൂ ഭൂമിയും കടന്ന് പുഴയിലേക്കിറക്ക് കെട്ടിടം നിര്‍മിക്കുകയാണ്. 

വലിയ കെട്ടിടങ്ങള്‍ പൊളിച്ച് അവശിഷ്ടങ്ങള്‍ പുഴയിലേക്ക് തളളിയുളള നികത്തല്‍ വെട്ടുപാറ , മപ്പുറം ഭാഗങ്ങളിലാണ്. വെട്ടത്തൂരില്‍ മണല്‍മാഫിയ പുഴയിലേക്ക് മണലൂറ്റിക്കൊണ്ടുപോകാനുളള സൗകര്യത്തിന് പുഴയിലേക്ക് റോഡ് ഇറക്കി നിര്‍മിച്ചു.

അരീക്കോട് പാലത്തിന് ഒരു കിലോമീറ്റര്‍ താഴെയുളള കോഴിഫാമിലെ മാലിന്യങ്ങളും ഒഴുകുന്നത് പുഴയിലേക്ക്. പുഴ കയ്യേറി ആയിരക്കണക്കിന് ഏക്കറില്‍ നടത്തുന്ന വാഴകൃഷിക്ക് ഉപയോഗിക്കുന്ന രാസവളവും കീടനാശിനിയുമെല്ലാം മലീമസമാക്കുന്നത് നമ്മുടെ ചാലിയാറിനേയാണ്.