സഭയിലെ കയ്യാങ്കളിക്കേസ് ഇനി പഴങ്കഥ; ജലീലിനും ഇപിക്കുമടക്കം സര്‍ക്കാര്‍ ക്ലീൻചീറ്റ്

2015 March 13. Tumultuous scenes in the 13th Kerala Assembly when Finance minister KM Mani presented the budget when ruling front and opposition members came to blows. Thiruvananthapuram. Photo: MANOJ CHEMANCHERI

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബജറ്റ് ദിനത്തിലുണ്ടായ കയ്യാങ്കളികേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വി.ശിവന്‍കുട്ടി നല്‍കിയ കത്തിന്‍മേല്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

കെ.എം.മാണിയുടെ ബജറ്റവതരണം ബാര്‍കോഴയാരോപണം ഉന്നയിച്ച്  തടസപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ചതിന് ആറ് എം.എല്‍.എമാര്‍ക്കെതിരെയായിരുന്നു കേസ്. വി ശിവന്‍കുട്ടി, ഇപി ജയരാജന്‍, കെടി ജലീല്‍, കെ.അജിത്ത്, കെ. കുഞ്ഞഹമ്മദ്, സി.കെ.സദാശിവന്‍ എന്നിവര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് എടുത്ത കേസാണ് ഇല്ലാതാകുന്നത്. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം വി.ശിവന്‍കുട്ടി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ കേസ് അവസാനിപ്പിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നിയമവകുപ്പിന്റെ അഭിപ്രായം തേടിയിരുന്നു. നിയമവകുപ്പ് എതിര്‍പ്പുന്നയിക്കാത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നതായി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ആറു പ്രതികള്‍ക്കുമെതിരെ പൊലീസ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസ് പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കോടതിയെ അറിയിക്കും. കേസ് പിന്‍വലിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റെന്ന് പ്രതിപക്ഷനേതാവ്.സര്‍ക്കാരിന്റെ തീരുമാനത്തോട് പ്രതികരിക്കാനില്ലെന്ന് സ്പീക്കര്‍.

സഭയെ അവഹേളിക്കുന്ന സാമാജികരുടെ പെരുമാറ്റം തല്‍സമയം ലോകംമുഴുവന്‍ കണ്ട സാഹചര്യത്തില്‍ കോടതി എന്തുനിലപാട് സ്വീകരിക്കും എന്നതാണ് ഇനി നിര്‍ണായകം.