കുർബാന നയിക്കേണ്ടത് ഡ്രാക്കുളയല്ല, പി.ജയരാജന് ബൽറാം വക കൂരമ്പ്

സർക്കാരിൻറെ പാളിപ്പോയ സമാധാനയോഗത്തെ അതിരൂക്ഷമായി പരിഹസിച്ച് വിടി ബൽറാം എംഎൽഎ. സമാധാനയോഗം നിയന്ത്രിക്കേണ്ടത് പി.ജയരാജനല്ല, വിശുദ്ധ കുർബാന നയിക്കേണ്ടത് ഡ്രാക്കുളയല്ല എന്നാണ് ബൽറാമിൻറെ വാക്കുകൾ. കഴിഞ്ഞ ദിവസം യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസും ജയരാജനെതിരെ രൂക്ഷ വിമർശനമുയർത്തിയിരുന്നു. 

ഷുഹൈബ് വധക്കേസിലെ പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍ വിളിച്ച സമാധാനയോഗം രാവിലെ അലങ്കലമായിരുന്നു. ജനപ്രതിനിധികളെ വിളിക്കാത്ത യോഗത്തില്‍ സിപിഎം എംപിയെ പങ്കെടുപ്പിച്ചതില്‍ യു‍ഡിഎഫ് അംഗങ്ങള്‍ വന്‍ പ്രതിഷേധമുയര്‍ത്തി. അരമണിക്കൂറോളം നീണ്ട വാക്കേറ്റത്തിനൊടുവില്‍ യോഗം യുഡിഎഫ് ബഹിഷ്കരിച്ചു. മുഖ്യമന്ത്രി നേരിട്ട് വിളിക്കുന്ന സമാധാനയോഗത്തില്‍ മാത്രമേ ഇനി പങ്കെടുക്കൂ എന്നും അവര്‍ പ്രഖ്യാപിച്ചു.

സതീശന്‍ പാച്ചേനിയുടെ രോഷപ്രകടനം. പി.ജയരാജന്റെ പൊട്ടിത്തെറി. കണ്ണൂരില്‍ സമാധാനം സ്ഥാപിക്കാന്‍ മന്ത്രി എ.കെ.ബാലന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വക്ഷിയോഗം തുടങ്ങിയത് ഇങ്ങനെയാണ്. ജനപ്രതിനിധികളെ വിളിക്കാത്ത യോഗത്തില്‍ കെ.കെ.രാഗേഷ് എംപിയെ വേദിയിലിരുത്തിയത് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പ്രതിഷേധം തുടങ്ങിയത്. രാഗേഷ് പാര്‍ട്ടി പ്രതിനിധിയാണെന്ന മന്ത്രിയുടെ വിശദീകരണത്തിനും ഫലമുണ്ടായില്ല. 

കഴിഞ്ഞ ദിവസം എടയന്നൂരിൽ കൊല്ലപ്പെട്ട ഷുഹൈബിൻറെ വീട്ടിൽ ബൽറാം എത്തിയിരുന്നു. 

ശേഷം ഫെയ്സ്ബുക്കിലിട്ട കുറിപ്പ് വായിക്കാം. 

സിപിഎമ്മുകാർ അതിക്രൂരമായി കൊന്നുകളഞ്ഞ പ്രിയ സ്നേഹിതൻ ഷുഹൈബിന്റെ എടയന്നൂരിലെ വീട്ടിലെത്തി മാതാപിതാക്കളേയും സഹോദരിമാരേയും കണ്ടു. വെട്ടിനുറുക്കിയിട്ടും കലി തീരാത്തത്‌ കൊണ്ടാണോ നാട്ടുകാർക്ക്‌ മുഴുവൻ പ്രിയപ്പെട്ട തന്റെ മകനേക്കുറിച്ച്‌ അവർ ഹീനമായ നുണപ്രചരണം കൂടി നടത്തുന്നതെന്ന ഷുഹൈബിന്റെ ഉപ്പയുടെ ചോദ്യം ഇപ്പോഴും കാതിൽ അലക്കുന്നുണ്ട്‌.

പിന്നീട്‌ കണ്ണൂർ കളക്റ്ററേറ്റിനു മുൻപിൽ നിരാഹാരമനുഷ്ഠിക്കുന്ന ശ്രീ. കെ.സുധാകരനെയും ജനാധിപത്യ പ്രവർത്തകരേയും അഭിവാദ്യം ചെയ്തു. സമാധാനകാംക്ഷികളായ നൂറുകണക്കിന്‌ സാധാരണ മനുഷ്യരാണ്‌ അണമുറിയാത്ത പ്രവാഹമായി സമരപന്തലിലേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നത്‌.

ലക്ഷണമൊത്ത ഒരു ഭീകരവാദ സംഘടനയായി കേരളത്തിലെ സിപിഎം മാറിയിരിക്കുന്നു. കേസ്‌ അന്വേഷണത്തെ അട്ടിമറിക്കാനും യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനുമാണ്‌ തുടക്കം മുതലേ പിണറായി വിജയന്റെയും സിപിഎമ്മിന്റേയും ശ്രമം. കൊന്നവരേ മാത്രമല്ല, കൊല്ലിച്ചവരേയും പുറത്ത്‌ കൊണ്ടുവരേണ്ടതുണ്ട്‌. ഇതിനായി

കേസ്‌ സിബിഐക്ക്‌ വിട്ടേ തീരൂ. സംസ്ഥാന സർക്കാർ അതിന്‌ തയ്യാറാവുന്നില്ലെങ്കിൽ ഈയാവശ്യവുമായി കോൺഗ്രസ്‌ കോടതിയെ സമീപിക്കും.

കൊലക്കത്തി രാഷ്ട്രീയത്തിന്‌ കേരളത്തിൽ അന്ത്യം കുറിക്കപ്പെടണം. നിഷ്ക്കളങ്കരായ ചെറുപ്പക്കാരുടെ ചോരയും നിരാലംബരായ കുടുംബങ്ങളുടെ കണ്ണീരും ഇനിയീ മണ്ണിൽ ഒഴുകാനിടവരരുത്‌.