ഹയര്‍സെക്കന്‍ഡറി ഇക്കണോമിക്സ് അധ്യാപകർക്കായുള്ള പിഎസ്‌സി പരീക്ഷ അട്ടിമറിച്ചതായി പരാതി

ഹയര്‍സെക്കന്‍ഡറി ഇക്കണോമിക്സ് അധ്യാപകര്‍ക്കായുള്ള പി.എസ്.സി. പരീക്ഷ അട്ടിമറിച്ചതായി ഉദ്യോഗാര്‍ഥികളുടെ പരാതി. നിലവാരം കുറഞ്ഞതും ചോദ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് കോപ്പിയടിച്ചതുമായ പരീക്ഷ റദ്ദാക്കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. 

ഹയര്‍സെക്കന്‍ഡറി ഇക്കണോമിക്സ് അധ്യാപകര്‍ക്കായുള്ള പി.എസ്.സി. പരീക്ഷ ഇന്നലെയാണ് നടന്നത്. കേരളത്തിലാകെ നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ പരീക്ഷയെഴുതി. പക്ഷേ, ചോദ്യങ്ങള്‍ ഒട്ടുമിക്കതും നിലവാരമില്ലാത്തതാണെന്നാണ് പരാതി. ഏതൊരു ബിരുദ വിദ്യാര്‍ഥിക്കും എഴുതാവുന്ന പരീക്ഷ. ജനറല്‍ വിഭാഗത്തില്‍ വന്ന ഭൂരിഭാഗം ചോദ്യങ്ങളും സോഷ്യോളജിയില്‍ നിന്നാണ്. 2015 ഡിസംബറില്‍ നടന്ന യു.ജി.സി. നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ അതേപ്പടി പകര്‍ത്തിവച്ചുവെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു. പതിനെട്ടു ചോദ്യങ്ങളാണ് ക്രമനമ്പര്‍ തെറ്റാതെ നെറ്റ് പരീക്ഷാ ചോദ്യപേപ്പറില്‍ നിന്ന് പകര്‍ത്തിയെഴുതിയത്. 

ക്രമനമ്പര്‍ പോലും തെറ്റിച്ചാണ് പലയിടത്തും എഴുതിയിട്ടുള്ളത്. നിലവാരമില്ലാത്ത ഈ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി. അധികൃതരെ കണ്ടെങ്കിലും ഗൗനിച്ചില്ല. സിലിബസിന് പുറത്തു നിന്നുള്ള ചോദ്യങ്ങളും വന്നിട്ടുണ്ട്. ഏറെ വര്‍ഷങ്ങള്‍ നീണ്ട ഒരുക്കത്തിനൊടുവില്‍ പി.എസ്.സി. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ നിരാശരാണ്. 2012ല്‍ നടത്തിയ സമാനമായ പരീക്ഷ പി.എസ്.സി. റദ്ദാക്കിയിരുന്നു.