ഓഖി; ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് പ്രത്യേക ഉത്തരവ് പുറത്തിറക്കണമെന്ന വാദത്തിൽ കഴമ്പില്ല

കടലില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് പുതുതായി പ്രത്യേക ഉത്തരവ് പുറത്തിറക്കണമെന്ന സര്‍ക്കാര്‍ വാദത്തില്‍ കഴമ്പില്ല. കടലില്‍ അപകടത്തില്‍പ്പെടുന്ന തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഏഴു വര്‍ഷം കാത്തിരിക്കാതെ തന്നെ സഹായമെത്തിക്കാന്‍ മൂന്നു വര്‍ഷം മുന്‍പ് സര്‍ക്കാര്‍ തയ്യാറാക്കിയ ഉത്തരവ് ഒാഖി ദുരന്തത്തില്‍ കാണാതായവരുടെ കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടും. 

കടലില്‍ മല്‍സ്യത്തൊഴിലാളികളെ കാണാതായാല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുളള റിപ്പോര്‍ട്ട്, കലക്ടറോ ആര്‍.ഡി.ഒയോ നല്‍കുന്ന റിപ്പോര്‍ട്ട്, നോട്ടറി പബ്ലിക് സാക്ഷ്യപ്പെടുത്തിയ അവകാശിയുടെ സത്യപ്രസ്താവന എന്നിവ ഫിഷറീസ് ഒാഫീസര്‍ക്ക് സമര്‍പ്പിച്ചാല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ നടപടി ആരംഭിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ 2014 ജൂണ്‍ ഏഴിന് പുറത്തിറക്കിയ ഉത്തരവിലുളളത്. ഈ റിപ്പോര്‍ട്ടുണ്ടെങ്കില്‍ മല്‍സ്യ തൊഴിലാളികള്‍ക്കുളള ഗ്രൂപ്പ് ഇന്‍ഷുറന്‍സും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ഒാഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കടലില്‍ കാണാതായവരുടെ കാര്യത്തില്‍ അവ്യക്തത തുടരുബോഴാണ് മൂന്നു വര്‍ഷം മുന്‍പിറങ്ങിയ റിപ്പോര്‍ട്ടിന്റെ പ്രസക്തി. 

ഒാഖി ദുരന്തത്തില്‍പ്പെട്ട് കടലില്‍ കാണാതായ തൊഴിലാളികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറത്തിറക്കുന്ന കാര്യം ആലോചനയിലുണ്ട്. ഉത്തരവിന്റെ പകര്‍പ്പ് ഫിഷറീസ് ഡയറക്ടര്‍ക്കും ജില്ല കലക്ടര്‍മാര്‍ക്കും ആര്‍.ഡി.ഒമാര്‍ക്കും അന്നേ അയച്ചുകൊടുത്തിട്ടുണ്ട്. എന്നാല്‍ മൂന്നു വര്‍ഷം മുന്‍പ് പുറത്തിറക്കിയ ഉത്തരവ് പ്രയോജനപ്പെടുത്തി ഒാഖി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ നടപടിയായിട്ടില്ല.