ജിഎസ്ടി: കേള്‍വി സഹായ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ക്കു തീവില

കേള്‍വി സഹായ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ജി.എസ്.ടിക്കു കീഴില്‍ വന്നതോടെ രോഗികള്‍ ദുരിതത്തില്‍. കോംക്ലിയര്‍ ഇംപ്ലാന്റേഷന് വിേധയരാകുന്ന രോഗികളാണ് സാമ്പത്തിക ബാധ്യതമൂലം നട്ടംതിരിയുന്നത്.

കേള്‍വി സഹായ ഉപകരണങ്ങള്‍ ഇനിയും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കു കീഴില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കോംക്ലിയര്‍ ഇംപ്ലാന്റേഷന് വേണ്ട ഉപകരണങ്ങളിലേക്ക് ബാറ്ററിയും കേബിളും തുടങ്ങി പലതും വേണം. ഇവയെല്ലാം, സാധാരണ ബാറ്ററിയുടേയും കേബിളിന്റേയും വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ബാറ്ററി മാറിയിടണം. എന്നാല്‍ മാത്രമേ കേള്‍വി ശക്തി കിട്ടൂ. ഇങ്ങനെ, കോംക്ലിയര്‍ ഇംപ്ലാന്റേഷന് വിധേയമായിട്ടുള്ളവര്‍ക്ക് പ്രതിവര്‍ഷം ഇരുപതിനായിരം രൂപയോളം അധിക ബാധ്യത വന്നിട്ടുണ്ട്. പതിനായിരം രൂപ വേണ്ടിടത്ത് ജി.എസ്.ടിക്കു ശേഷം പതിനയ്യായിരം വേണം. ചാര്‍ജര്‍ പ്ലേറ്റിന് 9,800 രൂപയുണ്ടായിരുന്നപ്പോള്‍ ജി.എസ്.ടിക്കു ശേഷം 13,000 രൂപയായി.

കേള്‍വി തകരാറുള്ള നിരവധി കുട്ടികള്‍ കോംക്ലിയര്‍ ഇംപ്ലാന്റ് വഴി കേള്‍വി ഉറപ്പാക്കുന്നുണ്ട്. ചെവിക്കുള്ളില്‍ സ്ഥാപിച്ചിട്ടുള്ള കേള്‍വി സഹായ ഉപകരണങ്ങള്‍ ഇടയ്ക്കിടെ മാറ്റിയില്ലെങ്കില്‍ കേള്‍വി നഷ്ടപ്പെടും. പിന്നെ, കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനും കഴിയില്ല. കാതോരം, ശ്രുതിതരംഗം തുടങ്ങി നിരവധി സഹായ പദ്ധതികളുണ്ടെങ്കിലും ജി.എസ്.ടി സൃഷ്ടിച്ച സാമ്പത്തിക ബാധ്യതയില്‍ നിന്ന് രോഗികള്‍ കരകയറിയിട്ടില്ല. എത്രയും വേഗം, ഇത്തരം ഉപകരണങ്ങളെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് രോഗികളുടേയും ബന്ധുക്കളുടേയും അപേക്ഷ.