ശബരിമലയെ സുരക്ഷിതമാക്കാൻ സേഫ് സോണ്‍ പദ്ധതി

ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് നടത്തുന്ന സേഫ് സോണ്‍ പദ്ധതിക്ക് നിലയ്ക്കലില്‍ തുടക്കം. മോട്ടോര്‍ വാഹന വകുപ്പ് ശാസ്ത്രീയമായി നടത്തുന്ന നീക്കങ്ങളിലൂടെ മാത്രമേ പദ്ധതി വിജയിപ്പിക്കാന്‍ സാധിക്കൂവെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. 

തീര്‍ഥാടന പാതയില്‍ റോന്ത് ചുറ്റുന്നതിനു പുറമേ, ബ്രേക്ക് ഡൗണ്‍ ‍, അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ അടിയന്തര സഹായം, ഗതാഗത തടസം ഇല്ലാതെ സുഗമമായ യാത്ര ഉറപ്പാക്കല്‍ തുടങ്ങിയവയാണ് സേഫ് സോണ്‍ പദ്ധതിയുടെ ലക്ഷ്യം. സേഫ് സോണ്‍ 2017-18, ശബരിമല റൂട്ട് മാപ്പിങ് ആന്‍ഡ് വെഹിക്കിള്‍ ട്രാക്കിങ് സിസ്റ്റം എന്നിവയുടെ ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ നിര്‍വഹിച്ചു. സംസ്ഥാനത്തുമുഴുവന്‍ ട്രോമകെയര്‍ യൂണിറ്റ് സ്ഥാപിക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. ഇതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും, സഹായങ്ങളും സേഫ് സോണ്‍ പദ്ധതിയില്‍നിന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 

റോന്ത് ചുറ്റുന്ന വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് മന്ത്രി നിര്‍വഹിച്ചു. സേഫ് സോണ്‍ പദ്ധതിയുടെ നടത്തിപ്പിനൊപ്പം 200 കോടി രൂപ കൂടി അനുവദിച്ചാല്‍ സംസ്ഥാനം പൂര്‍ണ്ണമായും സേഫ് സോണിലാകുമെന്ന് പി.സി.ജോര്‍ജ് എംഎല്‍എ പറഞ്ഞു. ദേവസ്വം- ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അനില്‍കാന്ത്, പഞ്ചായത്തംഗങ്ങള്‍, വിവിധ വകുപ്പുകളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.