ചേര്‍ത്തലയില്‍ നിയമം ലംഘിച്ച് സിപിഐയുടെ ബഹുനില പാര്‍ട്ടിമന്ദിരം

കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ക്ക് പുല്ലുവില നല്‍കി ആലപ്പുഴ ചേര്‍ത്തലയില്‍ സിപിഐയുടെ പാര്‍ട്ടിമന്ദിരം. മൂന്നുനിലകളുള്ള മണ്ഡലംകമ്മിറ്റി ഒാഫിസ് കഴിഞ്ഞ പത്തുവര്‍ഷമായി പ്രവര്‍ത്തിക്കുന്നത് കെട്ടിടനമ്പര്‍ പോലുമില്ലാതെ. അനുമതിയില്ലാത്ത കെട്ടിടത്തിന് വൈദ്യുതി കണക്ഷനും സിപിഐ നേടിയെടുത്തു. നിയമലംഘനത്തിന് സാധുതതേടി പാര്‍ട്ടിനേതൃത്വം നഗരസഭയ്ക്ക് നല്‍കിയ കത്ത് മനോരമ ന്യൂസിന് ലഭിച്ചു.

മന്ത്രി പി.തിലോത്തമന്റെ ക്യാമ്പ് ഒാഫിസിന് തൊട്ടുമുന്നിലാണ് മൂന്നുനിലകളിലായി സിപിഐയുടെ ചേര്‍ത്തല മണ്ഡലം കമ്മിറ്റി ഒാഫിസ്. മൂന്നാംനില നിര്‍മിച്ചത് ബില്‍ഡിങ് പെര്‍മിറ്റ് പൊലുമില്ലാതെ. ആദ്യത്തെ രണ്ടുനിലകള്‍ക്ക് മാത്രമാണ് അനുമതി വാങ്ങിയതെന്ന് ഈ രേഖകള്‍ വ്യക്തമാക്കുന്നു. അനുമതി ലഭിച്ചതിനേക്കാള്‍ വിസ്തൃതിയില്‍ നിര്‍മാണം നടത്തി അവിടെയും നിയമലംഘനം കാട്ടി. കെട്ടിട നമ്പര്‍ ഇല്ലാത്തിനാല്‍ 2006ല്‍ പാര്‍ട്ടി ജനറല്‍സെക്രട്ടറി ഉദ്ഘാടനംചെയ്ത മന്ദിരത്തിന് നാളിതുവരെ ചില്ലിക്കാശ് നികുതി അടക്കേണ്ടിവന്നിട്ടില്ല. 

കെട്ടിട അനുമതി തേടി നഗരസഭയെ സമീപിച്ചത് ഇക്കഴിഞ്ഞ ജൂലൈ 31ന് മാത്രം. ഈ ചട്ടലംഘനങ്ങളെല്ലാം കണ്ടില്ലെന്ന് നടിച്ച് ക്രമവല്‍ക്കരണം നല്‍കണമെന്ന് മണ്ഡലം കമ്മിറ്റി നഗരസഭയ്ക്ക് സമര്‍പ്പിച്ച കത്തിൽ പറയുന്നു. എന്നാല്‍ കെട്ടിടനിര്‍മാണ ചട്ടങ്ങളുടെ നഗ്നമായ ലംഘനം നടന്നതായി കണ്ടെത്തിയതായും അനുമതി നല്‍കാനാകില്ലെന്നും നഗരസഭ മറുപടി നല്‍കി.

അനധികൃതമായി നിര്‍മിച്ചതാണെങ്കിലും പാര്‍ട്ടി ഒാഫിസില്‍ ആവശ്യത്തിന് കാറ്റും വെളിച്ചവുമുണ്ട്. വൈദ്യുതി കണക്ഷന്‍ നേടിയെടുത്തത് നിയമവിരുദ്ധമായി. താല്‍കാലിക കണക്ഷന് അപേക്ഷിച്ച് ഒടുവില്‍ ഉദ്യോഗസ്ഥരെ വശത്താക്കി സ്ഥിരപ്പെടുത്തി. നഗരസഭയുടെ ഷോപ്പിങ് കോംപ്ലക്സിന് ചുറ്റുമതില്‍ കെട്ടിയാല്‍ പാര്‍ട്ടി ഒാഫിസിലേക്ക് വഴിപോലും ഇല്ല. എന്നാല്‍ വര്‍ഷങ്ങളായി ഈ ആനുകൂല്യവും പാര്‍ട്ടി നേടിയെടുത്തു. പാര്‍ക്കിങ് സ്ഥലമോ അതിരുകളില്‍ നിന്ന് ആവശ്യത്തിന് അകലമോ പാലിക്കാതെ നിര്‍മിച്ചകെട്ടിടം പൊളിച്ചുനീക്കാതെ നിലനില്‍ക്കുന്നത് പാര്‍ട്ടി ഒാഫിസായതുകൊണ്ടുമാത്രം