ജിഎസ്ടി കുറഞ്ഞെങ്കിലും ഭക്ഷണവില കുറക്കാതെ ഹോട്ടലുകൾ

 ജി.എസ്.ടി നിരക്ക് കുറഞ്ഞെങ്കിലും പല ഹോട്ടലുകളിലും ഭക്ഷണവില കുറഞ്ഞില്ല. നികുതികുറഞ്ഞപ്പോൾ ഭക്ഷണസാധനത്തിന്റെ അടിസ്ഥാനവില കൂട്ടിയാണ് കൊള്ള നടത്തുന്നത്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ ചില ഹോട്ടലുകൾ മെനുകാർഡ് പൂഴ്ത്തുകയും ചെയ്തു. 

ഭക്ഷണത്തിന്റെ നികുതി അഞ്ച് ശതമാനമായി കുറഞ്ഞെങ്കിലും പല ഹോട്ടലുകളും വില കുറയ്ക്കാൻ മടിക്കുകയാണ്. തെളിവുകൾ ഇതാ. തലസ്ഥാനത്തെ പ്രമുഖ ഹോട്ടലിൽ മിക്സ്ഡ് ഫ്രൈഡ് റൈസിന് മുമ്പ് 190 രൂപയായിരുന്നു വില. 18 ശതമാനം നികുതിയും കൂട്ടുമ്പോൾ 224 രൂപ. എന്നാൽ ഇന്നലെ മുതൽ ഇവിടെ മിക്സഡ് ഫ്രൈഡ് റൈസിന്റെ വില 10 രൂപ കൂട്ടി 200 ആക്കി. അഞ്ചുശതമാനം ജി.എസ്.ടിയും കൂട്ടിയപ്പോൾ 210 രൂപ. 25 രൂപ കുറയേണ്ടിടത്ത് കുറഞ്ഞത് 14 രൂപ മാത്രം. 11 രൂപ ഹോട്ടലുടമയുടെ പോക്കറ്റിൽ. 

മറ്റൊരു ഹോട്ടൽ 152 രൂപയുണ്ടായിരുന്ന മട്ടൻ ബിരിയാണി 160 രൂപയാക്കി. നികുതി കുറഞ്ഞപ്പോൾ നേരത്തെ കൊടുത്തിരുന്ന ഡിസ്കൗണ്ട് എടുത്തുകളഞ്ഞ് വില താഴാതെ നോക്കിയ ഹോട്ടലും ഉണ്ട്. മെനുകാർഡ് എടുത്തുമാറ്റുകയും ജി.എസ്.ടി നമ്പർ ഇനിയും പ്രദർശിപ്പിക്കാതിരിക്കുകയും ചെയ്യുന്ന ഹോട്ടലുകളും നിരവധി. ചില ഹോട്ടലുകൾ കൃത്യമായി നികുതിയുടെ കുറവ് ജനങ്ങൾക്ക് കൈമാറുന്നുമുണ്ട്.