E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 18 2020 11:42 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

85 ദിവസത്തെ ജയിൽവാസം, തുടർച്ചയായ നിയമപോരാട്ടം, അഞ്ചാം ശ്രമത്തിൽ ജാമ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dileep-new
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചിയിൽ യുവനടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപിന് ജാമ്യം ലഭിച്ചത് നിരന്തര നിയമപോരാട്ടത്തിലൂടെ. 85 ദിവസത്തെ ജയിൽവാസത്തിനിടെ വിചാരണക്കോടതിയിലും ഹൈക്കോടതിയിലുമായി അഞ്ച് തവണയാണ് നടൻ ജാമ്യം തേടിയെത്തിയത്. രണ്ടു തവണ വീതം രണ്ടു കോടതികളും ജാമ്യാപേക്ഷ നിരസിച്ചു. ഏറ്റവുമൊടുവിൽ ഹൈക്കോടതി ജാമ്യഹർജി പരിഗണിച്ചപ്പോൾ സാഹചര്യം മാറിയാൽ മാത്രം വാദം കേൾക്കാമെന്നായി. കോടതികളിൽ നടന്ന നിയമ പോരാട്ടങ്ങൾ ഇങ്ങനെ:

∙ വാദിക്കാൻ ആദ്യം രാംകുമാർ പിന്നെ ബി. രാമൻപിള്ള

ജയിലിലായ ആദ്യഘട്ടത്തില്‍ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ രാംകുമാര്‍ ആയിരുന്നു ദിലീപിന്റെ അഭിഭാഷകന്‍. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ആദ്യ ജാമ്യഹര്‍ജി സമര്‍പ്പിച്ചപ്പോൾ തള്ളി. ഗൗരവമുള്ള ഹീനകൃത്യമാണെന്ന നിരീക്ഷണത്തോടെയാണു കോടതി ഹര്‍ജി തള്ളിയത്. തുടര്‍ന്നു ഹൈക്കോടതിയിലേക്ക്. ചരിത്രത്തിലെ ആദ്യ മാനഭംഗ ക്വട്ടേഷനാണ് ഇതെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്റെ (ഡിജിപി) വാദം. തെളിവെടുപ്പ് പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നായി ദിലീപ്. നിര്‍ണായക തെളിവുകള്‍ അടങ്ങിയ കേസ് ഡയറി കോടതിയില്‍ ഹാജരാക്കി പ്രോസിക്യൂഷൻ പഴുതടച്ചു. വീണ്ടും ജാമ്യം നിഷേധിക്കപ്പെട്ടു.

ഇതോടെ ദിലീപ് അഭിഭാഷകനെ മാറ്റി. പ്രമുഖ ക്രിമിനല്‍ അഭിഭാഷകൻ ബി.രാമന്‍പിള്ള നടന്റെ വക്കാലത്ത് ഏറ്റെടുത്തു. ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയില്‍. ജാമ്യം നിരസിക്കപ്പെട്ടു. സുപ്രീം കോടതിയെ സമീപിക്കാൻ അവസരമുണ്ടെങ്കിലും തിരിച്ചടി കിട്ടിയാലോയെന്നു ഭയന്നു വീണ്ടും അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലേക്ക്. ഹർജി തള്ളി മജിസ്ട്രേറ്റ് കോടതി, ഹൈക്കോടതിയെ സമീപിക്കണമെന്ന് നിർദേശിച്ചു. വീണ്ടും ഹൈക്കോടതിയിലേക്ക്. രണ്ടു തവണ അപേക്ഷ തള്ളിയ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചിൽ അഞ്ചാമത്തെ ജാമ്യഹര്‍ജി എത്തി. നീണ്ട വാദപ്രതിവാദങ്ങൾ. ഒടുവിൽ ഒക്ടോബർ മൂന്നിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു.

∙ 13 മണിക്കൂർ ചോദ്യം ചെയ്യൽ

യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ ഗൂഢാലോചനക്കുറ്റത്തിനു നടൻ ദിലീപിനെ അറസ്റ്റ് ചെയ്തത് തുടർച്ചയായ 13 മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷമാണ്. പിന്നീട് ജൂലൈ 10ന് വീണ്ടും ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുന്നു.

∙ പൊലീസിന്റെ കണ്ടെത്തലുകൾ

നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താനുള്ള ക്വട്ടേഷൻ സംബന്ധിച്ച് 2013ൽ എറണാകുളം എംജി റോഡിലെ സ്വകാര്യ ഹോട്ടലിൽ താരസംഘടനയായ ‘അമ്മ’യുടെ പരിപാടി നടക്കുന്നതിനിടെ ദിലീപ് മുഖ്യപ്രതി സുനിൽകുമാറിനോടു (പൾസർ സുനി) സംസാരിച്ചു. പണത്തിനു പുറമേ ദിലീപിന്റെ സിനിമകളിൽ അഭിനയിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്താണു സുനിൽകുമാറിനെ വശത്താക്കിയത്. പിന്നീട് മറ്റ് പലയിടത്തും വച്ച് ദിലീപും സുനിയും ചേർന്ന് ഗൂഢാലോചന നടത്തി.

∙ ജാമ്യഹർജിയിലെ വാദവും പ്രതിവാദവും

കഴിഞ്ഞ ഓഗസ്റ്റിൽ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ വീണ്ടും സമീപിച്ചപ്പോൾ കടുത്ത വാദപ്രതിവാദമാണ് അരങ്ങേറിയത്. പൊലീസിനെ പഴിചാരുന്ന നിലപാടിൽ ഉറച്ചു നിന്നുള്ള വാദങ്ങളാണ് പ്രതിഭാഗം നടത്തിയത്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന എഡിജിപി: ബി.സന്ധ്യ എന്നിവരുടെ നിലപാടുകളെ സംശയത്തോടെയാണ് കാണുന്നതെന്നും പ്രതിഭാഗം വാദിച്ചു.

അതേസമയം, പ്രോസിക്യൂഷൻ വാദത്തിൽ ദിലീപിനെ ‘കിങ് ലയർ’ (വലിയ കള്ളങ്ങൾ പറയുന്നയാൾ) എന്നാണു വിശേഷിപ്പിച്ചത്. പ്രതിക്കെതിരായ കൂടുതൽ തെളിവുകൾ വിവരിക്കുന്ന രേഖകൾ മുദ്രവച്ച കവറിൽ പ്രോസിക്യൂഷൻ ഹൈക്കോടതിക്കു കൈമാറുകയും ചെയ്തു. നടിയെ ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറുമായി കൂട്ടുപ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ നേരിട്ടു ബന്ധപ്പെടുത്തുന്ന തെളിവുകളാണു പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ നൽകിയത്.

സുനിയെ കാവ്യയ്ക്ക് അടുത്തറിയാം. ഇയാളുടെ കാറിൽ കാവ്യയും കുടുംബവും സഞ്ചരിച്ചിട്ടുണ്ട്. കാവ്യയുടെ ഫോണിൽ ദിലീപിനോടു സംസാരിച്ചതിനു ശേഷം കാവ്യ 25,000 രൂപ സുനിലിനു നൽകി. കീഴടങ്ങും മുൻപ് സുനിൽ കാവ്യയുടെ കാക്കനാട്ടെ വസ്ത്ര വ്യാപാര ശാലയിൽ അതീവ രഹസ്യമായെത്തിയെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പിന്നീട്, കാവ്യ മാധവനെയും സംവിധായകൻ നാദിർഷായെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

∙ പ്രതിഭാഗത്തിന്റെ വാദങ്ങൾക്കുള്ള മറുപടി 

– പ്രതിഭാഗം: സുനിയും ദിലീപും ഒരേ ടവർ ലൊക്കേഷനിൽ ഒരുമിച്ചു വന്നു എന്നല്ലാതെ കണ്ടതിനു തെളിവില്ലെങ്കിൽ ഗൂഢാലോചന എങ്ങനെ ആരോപിക്കും? മൊബൈൽ ടവറിനു മൂന്നു കിലോമീറ്ററിലേറെ പരിധിയുണ്ട്. ഷൂട്ടിങ്ങിനിടെ ആൾക്കൂട്ടത്തിനിടയിൽ ഗൂഢാലോചന നടത്തിയെന്നു പറയുന്നതു യുക്തിക്കു നിരക്കുന്നതല്ല. സ്വന്തം കാരവൻ ഉള്ളപ്പോൾ എല്ലാവരും കാണുന്ന രീതിയിൽ ദിലീപ് പുറത്തു നിന്നു സുനിലിനോടു സംസാരിക്കുമോ? 

പ്രോസിക്യൂഷൻ: കേസിലെ മുഖ്യപ്രതി സുനിൽകുമാറിനെ (പൾസർ സുനി) ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നാണു ദിലീപിന്റെ നിലപാട്. ഇരുവരും ഒരേ മൊബൈൽ ടവറിന്റെ പരിധിയിൽ തുടർച്ചയായി വരുന്നത് എങ്ങനെ സ്വാഭാവികമാവും. ഇവർ സംസാരിക്കുന്നതു കണ്ടതിനു സാക്ഷികളുണ്ട്. 

– പ്രതിഭാഗം: പ്രതികളായ ദിലീപും സുനിലും തമ്മിൽ നാലുവർഷത്തെ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ ഒരിക്കലെങ്കിലും വിളിക്കില്ലേ? 

പ്രോസിക്യൂഷൻ‍: ഇവർ പല തവണ ആശയവിനിമയം നടത്തിയിട്ടുണ്ട്. ജയിലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരനോടാണു സുനിൽ ദിലീപിന്റെ പങ്ക് ആദ്യം വെളിപ്പെടുത്തിയത്. ഇതേ പൊലീസുകാരന്റെ ഫോണിൽ ദിലീപിന്റെ ഭാര്യ കാവ്യയുടെ കടയിലേക്കും സുനിൽ വിളിച്ചു. 

– പ്രതിഭാഗം: എറണാകുളത്തു ദിലീപിനു സ്വന്തം കടയുള്ളപ്പോൾ ഭാര്യാ മാതാവിന്റെ കടയിൽ നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഏൽപിക്കാൻ ആവശ്യപ്പെടുമോ? 

പ്രോസിക്യൂഷൻ: പ്രതി സുനിലുമായി ഒരിക്കൽ പോലും നേരിട്ടു ബന്ധപ്പെടാതിരിക്കാൻ ദിലീപ് ആദ്യം മുതൽ ശ്രമിച്ചിരുന്നു. കാവ്യയും കുടുംബവുമായി സുനിലിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇക്കാര്യം സുനിലും വെളിപ്പെടുത്തിയിട്ടുണ്ട്. സുനിലിനെ കണ്ടതായി കാവ്യയും സമ്മതിച്ചിട്ടുണ്ട്. കീഴടങ്ങുന്നതിനു മുൻപു കാവ്യയുടെ വസ്ത്രവ്യാപാര ശാലയിലും സുനിൽ പോയിരുന്നു. ഒരിക്കൽ കാവ്യയുടെയും കുടുംബത്തിന്റെയും തൃശൂർ യാത്രയിൽ സുനിലാണു കാറോടിച്ചത്. ഇവരുടെ വിശ്വസ്തനായിരുന്നു സുനിൽ. ആ ദിവസം കാവ്യയുടെ ഫോണിലൂടെ ദിലീപിനെ വിളിച്ചു പണം ആവശ്യപ്പെട്ടതായും സുനിൽ മൊഴി നൽകിയിട്ടുണ്ട്. ദിലീപ് നിർദേശിച്ചതനുസരിച്ചു കാവ്യ സുനിലിനു പണവും നൽകി. 

– പ്രതിഭാഗം: ഡ്രൈവർ ദിലീപിന്റെ ഹോട്ടൽ മുറിയിലെത്തി ഗൂഢാലോചന നടത്തിയെന്നു പറയുന്നതു ബുദ്ധിക്കു നിരക്കാത്തത്. അന്നു മറ്റു പല സിനിമാക്കാരും ഹോട്ടലിലുണ്ടായിരുന്നു. സുനിൽ ജയിലിൽ വച്ച് എഴുതിയെന്നു പറയുന്ന കത്തിനും ആധികാരികതയില്ല. മുൻപു പൊലീസ് മർദിച്ചതായി കാണിച്ച് അയച്ച കത്തിന്റെ ഭാഷയും ഘടനയുമല്ല ദിലീപിനുള്ള കത്തിലേത്. ഗൂഢാലോചനയുടെ ഭാഗമായി പുറത്തു തയാറാക്കിയതാണ് ഈ കത്ത്. 

പ്രോസിക്യൂഷൻ: പ്രതിഭാഗത്തിന്റെ വാദങ്ങളിൽ കഴമ്പില്ലെന്നു തെളിയിക്കുന്ന രഹസ്യമൊഴികൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തെളിവു ശേഖരണത്തിന്റെ ഭാഗമായി 15 പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. തൃശൂർ ടെന്നീസ് ക്ലബിലെ ജീവനക്കാർ ദിലീപിനെയും സുനിലിനെയും ഒരുമിച്ചു കണ്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ വിശദമായി രഹസ്യമൊഴിയിലുള്ളതു കോടതിക്കു പരിശോധിക്കാം.

– പ്രതിഭാഗം: മുഖ്യപ്രതി സുനിൽ, ദിലീപിന്റെ സഹായി സുനിൽരാജിനെ (അപ്പുണ്ണി) വിളിച്ച ദിവസം തന്നെ ഡിജിപിയെ വിവരം അറിയിച്ചിരുന്നു. ഒന്നരക്കോടി രൂപ പ്രതിഫലമായി ലഭിക്കുമായിരുന്നെങ്കിൽ പ്രതി ഉടൻ തന്നെ കൃത്യം നിർവഹിക്കുമായിരുന്നു, നാലു വർഷം വൈകിപ്പിക്കില്ല. കള്ളന്മാർ ഉണ്ടാക്കുന്ന കഥയ്ക്കു പിന്നാലെയാണു പൊലീസ്. 

പ്രോസിക്യൂഷൻ: ദിലീപ് ഒരു വലിയ നുണയനാണ് (കിങ് ലയർ). കേസിലെ പ്രധാന തെളിവായ മൊബൈലും സിം കാർഡും നശിപ്പിച്ചതായി പ്രതികൾ പറയുന്നത് കള്ളത്തരമാണ്. ദിലീപിന്റെ പരാതി ഡിജിപിക്കു ലഭിക്കും മുൻപു തന്നെ കേസിൽ ദിലീപിന്റെ പങ്കു സംബന്ധിച്ച ശക്തമായ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ദിലീപിനെതിരായ മൊഴികളും അതിനു മുൻപു ലഭിച്ചു. ദിലീപിന്റെ ക്വട്ടേഷൻ സംബന്ധിച്ചു തൃശൂർ സ്വദേശിയോടു സുനിൽ വെളിപ്പെടുത്തി. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ പ്രതി സുനിൽ ആവർത്തിച്ചു ശ്രമിച്ചിരുന്നു. ഒടുവിൽ ഗോവയിൽ വച്ചും അതിനു ശ്രമിച്ചതായി മൊഴിയും തെളിവുമുണ്ട്. സൂത്രശാലിയായ ദിലീപ് കൃത്യം നടത്താൻ മികച്ച ‘കളിക്കാരനെ’തന്നെയാണു കളത്തിൽ ഇറക്കിയത്. 

– പ്രതിഭാഗം: അനീഷ്‌ എന്ന പൊലീസുകാരന്റെ കഥ കെട്ടിച്ചമച്ചതാണ്. ദിലീപിനെ കുടുക്കാൻ കള്ളത്തരങ്ങൾ മെനയുന്നു. 

പ്രോസിക്യൂഷൻ: എല്ലാ വിവരങ്ങളും കേസ് ഡയറിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അത് മുദ്രവച്ച കവറിൽ കോടതിക്കു പരിശോധിക്കാൻ സമർപ്പിക്കുന്നു. അന്വേഷണം പൂർത്തിയാവാത്ത ഈ ഘട്ടത്തിൽ എല്ലാ കാര്യങ്ങളും തുറന്ന കോടതിയിൽ വെളിപ്പെടുത്താൻ കഴിയില്ല. നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിന്റെ തുടക്കത്തിൽ തന്നെ ദിലീപിന്റെ പങ്ക് അന്വേഷണ സംഘത്തിനു വ്യക്തമായിരുന്നു.

∙ ജാമ്യം നിഷേധിച്ച് ഹൈക്കോടതി പറഞ്ഞത്

നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ ദിലീപിന്റെ പങ്കിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണു ജൂലായ് 24ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ഗൗരവമേറിയ കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ക്രൂരവും പൈശാചികവുമായ കുറ്റകൃത്യം സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഒരു സ്ത്രീയോടു പകപോക്കാൻ ലൈംഗികാതിക്രമത്തിനു ക്രിമിനലുകളെ നിയോഗിച്ച വേറിട്ട കേസാണിത്. അതിസൂക്ഷ്മമായ ആസൂത്രണവും അതിക്രൂരമായ നടത്തിപ്പുരീതിയും പരിഗണിക്കുമ്പോൾ ഇത്തരം കേസുകളിലെ ജാമ്യ ഹർജികളിൽ കൂടുതൽ ജാഗ്രതയും ശ്രദ്ധയും പുലർത്തേണ്ടതുണ്ട്.

ചലച്ചിത്ര താരവും വിതരണ, നിർമാണ മേഖലകളിലെ സജീവ സാന്നിധ്യവുമായ ദിലീപ് തിയറ്റർ ഉടമ കൂടിയാണ്. സിനിമാ മേഖലയിൽ കാര്യമായ സ്വാധീനമുണ്ടെന്നതിൽ തർക്കമില്ല. ഈ സാഹചര്യത്തിൽ സിനിമാ രംഗത്തു നിന്നുള്ള കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ഉള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ എന്നും കോടതി അന്നു പറഞ്ഞു.

∙ ദിലീപിനു പങ്കുണ്ടെന്നതിന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയത്

– കൊച്ചിയിലെ ഹോട്ടലിൽ ഉൾപ്പെടെ അഞ്ചിടങ്ങളിൽ ദിലീപ് സുനിൽകുമാറിനെ കണ്ടു. കൃത്യം നടത്താൻ നിർദേശിച്ചു വൻതുക വാഗ്ദാനം ചെയ്തതു ഹോട്ടൽ മുറിയിൽ വച്ചാണ്. ദിലീപിന്റെ പേരിൽ മുറി ബുക്ക് ചെയ്തതിനു ഹോട്ടൽ രേഖകളും അഞ്ചിടങ്ങളിൽ പ്രതികൾ ഒന്നിച്ചെത്തിയതിനു മൊബൈൽ ടവർ ലൊക്കേഷൻ തെളിവുകളും കോൾ വിവരങ്ങളും മൊഴികളുമുണ്ട്. 

– സംസ്ഥാന പൊലീസ് മേധാവിക്ക് (ഡിജിപി) 2017 ഏപ്രിൽ 20നു ദിലീപ് പരാതി നൽകിയതു തന്റെ പേരു സുനിൽ വെളിപ്പെടുത്തുന്നതു മുൻകൂട്ടി കണ്ടു പ്രതിരോധിക്കാനുള്ള സൂത്രമായിരുന്നു. സുനിൽകുമാർ ദിലീപിന് അയച്ചതായി പറയുന്ന കത്ത് ഭീഷണിയുടെ സ്വരത്തിലുള്ളതോ ബ്ലാക്ക്മെയിൽ ചെയ്യാൻ ഉദ്ദേശിച്ചുള്ളതോ അല്ല.

– ഗുഢാലോചനയെക്കുറിച്ചു സുനിൽകുമാർ പറഞ്ഞതായി മറ്റു ചിലരുടെ മൊഴികളുമുണ്ട്. ജയിലിൽ ഒളിച്ചുകടത്തിയ മൊബൈൽ വഴി സുനിൽകുമാർ പലരെയും വിളിച്ചു. ദിലീപുമായി ബന്ധപ്പെട്ടു സംശയമുനയിലുള്ള ചിലരെ മൊബൈലും കോയിൻ ബോക്സ് ലൈൻ വഴിയും വിളിച്ചു. സുനിലിന്റെ സഹതടവുകാരനായിരുന്ന വിഷ്ണു മറ്റു ചിലർ വഴി ദിലീപിനെ ബന്ധപ്പെടാൻ ശ്രമിച്ചതായി രേഖകളിൽ കാണാം. സുനിൽകുമാർ ജയിലിൽ നിന്നു കത്തയച്ചിട്ടുമുണ്ട്.

– കുറ്റകൃത്യം നടത്തിയ ഉടൻ സുനിൽ കൂട്ടുപ്രതികൾക്കൊപ്പം മൊബൈൽ ഫോണും മെമ്മറി കാർഡും ദിലീപിന്റെ കൂട്ടാളികൾക്കു കൈമാറാൻ ശ്രമിച്ചു. ദിലീപ് കുറ്റകൃത്യത്തിന്റെ മുഖ്യ ആസൂത്രകനാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. 

∙ നാലാം തവണയും ജാമ്യം നിഷേധിച്ചു

ദിലീപിന്റെ നാലാമത്തെ ജാമ്യാപേക്ഷ തള്ളിയത് അങ്കമാലി മജിസ്ട്രേട്ട് കോടതിയാണ്. സെപ്റ്റംബർ 18നായിരുന്നു ഇത്. സോപാധിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നാണു കോടതി വിലയിരുത്തിയത്. പ്രതിക്കെതിരെ അതീവ ഗുരുതരമായ കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്നും മജിസ്ട്രേട്ട് കോടതി ചൂണ്ടിക്കാട്ടി.

നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരെ ചുമത്തിയിട്ടുള്ളത്. 10 വർഷത്തിൽ താഴെ മാത്രം ശിക്ഷ കിട്ടാവുന്ന കേസിൽ 65 ദിവസമായി ജുഡീഷ്യൽ കസ്റ്റഡിൽ കഴിയുന്ന തനിക്കു ജാമ്യം അനുവദിക്കണമെന്നാണു ജാമ്യാപേക്ഷയിൽ ദിലീപ് ആവശ്യപ്പെട്ടിരുന്നത്. ഈ വാദം കോടതി അംഗീകരിച്ചില്ല.

കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും പ്രതിക്ക് ഇപ്പോൾ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. വലിയ രാഷ്ട്രീയ സ്വാധീനമുള്ള ജനപ്രതിനിധികളും സിനിമാ ലോകത്തുള്ളവരും ദിലീപ് ജയിലിൽ കിടക്കുമ്പോൾപോലും അണിനിരക്കുന്നതു പ്രതിയുടെ സ്വാധീനത്തെയാണു കാണിക്കുന്നതെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

∙ അഞ്ചാം ശ്രമത്തിൽ കോടതി പറഞ്ഞത്

കേസില്‍ ഈയാഴ്ചതന്നെ കുറ്റപത്രം സമര്‍പ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നീക്കം നടത്തുന്നതിനിടെയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിക്കണം, ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം, രണ്ട് ആൾ ജാമ്യം വേണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, മാധ്യമങ്ങളോട് സംസാരിക്കരുത്, നടിയെക്കുറിച്ച് പരാമർശിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. കേസ് അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ഗൂഢാലോചനക്കുറ്റം ആയതിനാൽ ദിലീപ് ഇനി ജയിലി‍ൽ കിടക്കേണ്ടതില്ലെന്നുമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. സാഹചര്യം മാറിയെന്നു ചൂണ്ടിക്കാട്ടിയാണു കോടതി ജാമ്യം അനുവദിച്ചത്.