
നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന് ജയിലിൽ സന്ദർശകരെ അനുവദിച്ചതിൽ അസ്വാഭാവിക പരിഗണന ലഭിച്ചതിന് തെളിവ്. ദിലീപ് ജയിലിൽ കിടന്ന ഘട്ടത്തിൽ മാത്രമാണ് ഏറെക്കാലത്തിനിടെ ഞായറാഴ്ച സന്ദർശകരെ അനുവദിച്ചത്. ഒറ്റ ദിവസം ദിലീപിനെ സന്ദർശിക്കാൻ 13 പേരെ അനുവദിച്ചതിന്റെ രേഖകളടക്കം മനോരമന്യൂസിന് ലഭിച്ചു.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായത് ജൂലൈ 10 നാണ്. പിന്നീട് ആലുവ സബ് ജയിലിൽ തടവിലായ ദിലീപിന് കൂടുതൽ സന്ദർശകരെ അനുവദിച്ചത് വിവാദമായിരുന്നു. തടവുകാരുമായി കൂടിക്കാഴ്ചയ്ക്കുള്ള ചട്ടത്തിൽ ലംഘനം നടത്തിയില്ലെങ്കിലും ദിലീപിന് മാത്രം ചില പരിഗണനകൾ ലഭിച്ചുവെന്ന് ജയിൽ രേഖകൾ തെളിയിക്കുന്നു.
ജാമ്യാപേക്ഷ നൽകുന്നതിനോ അപ്പീൽ തയാറാക്കുക എന്ന ഉദ്ദേശത്തോടെയോ തടവുകാരുടെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിനോ മറ്റ് കുടുംബകാര്യങ്ങൾ ക്രമീകരിക്കുന്നതിനോ സുഹൃത്തുക്കൾ ബന്ധുക്കൾ നിയമോപദേശകർ എന്നിവരുമായി ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം കൂടിക്കാഴ്ച നടത്താമെന്നാമെന്നാണ് ചട്ടം. സൂപ്രണ്ടിന് അനുയോജ്യമാണെങ്കിൽ കൂടുതൽ കൂടിക്കാഴ്ചകൾ അനുവദിക്കാം ആഴ്ചയിൽ ഒന്നോ രണ്ടോ എന്നത് സൂപ്രണ്ടിന് അനുയോജ്യമാകും വിധം വർധിപ്പിക്കാമെങ്കിലും ഒരു ദിവസം 13 പേർ വരെ ദിലീപിന് ജയിലിൽ സന്ദർശകരായെത്തി. സെപ്റ്റംബർ 5 നായിരുന്നു ഇത്. ഏറെക്കാലത്തിനിടെ ഞായറാഴ്ച ജയിലിൽ സന്ദർശകരെ അനുവദിച്ചത് ദിലീപ് ജയിലിൽ കിടന്ന ഘട്ടത്തിലാണെന്നും രേഖകൾ വ്യക്തമാക്കുന്നു.
ആറുമാസത്തെ സന്ദർശക രജിസ്റ്ററിൽ ശനിയാഴ്ചയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് തീയതി രേഖപ്പെടുത്തത്. ഈ രീതിയിൽ ആകെ മാറ്റമുണ്ടായത് ദിലീപ് ജയിലിലായിരുന്ന സമയത്താണ്.