ഒാണവിപണി പിടിക്കാന്‍ അമ്പത് ശതമാനം വിലക്കുറവില്‍ കയര്‍ കോര്പറഷന്. കയര്‍ കാര്‍ണിവലിന്റെ ഭാഗമായി സംസ്ഥാനത്ത് 72 വിപണനകേന്ദ്രങ്ങളാണ് കോര്പറേഷന് ആരംഭിച്ചത്. ഇതാദ്യമായാണ് കയറ്റുമതിക്കായി സജ്ജമാക്കിയ ഗുണമേന്മ കൂടിയ ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍ ഒാണക്കാല വിപണികളിലെത്തുന്നത്. ഉല്‍പ്പാദന ചെലവിന്റെ 50 ശതമാനം സര്‍ക്കാര്‍ റിബേറ്റാണ്.
കൂപ്പണുകള്‍ വഴിയും വില്പനയുണ്ട്. ആയിരം രൂപയുടെ കൂപ്പണ്‍ എടുത്താല്‍ രണ്ടായിരം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. ഇതിന് പുറമെ ആഴ്ചതോറും നറുക്കെടുപ്പും ഉണ്ട്. ഇതിനകം ആയിരം രൂപയുടെ ഒന്നരലക്ഷത്തോളം കൂപ്പണുകളാണ് വിറ്റഴിച്ചത്. ഇളവ് പ്രഖ്യാപിച്ചതോടെ ഒാണവിപണി ലക്ഷ്യമിട്ട് നിര്‍മ്മിച്ച മുഴുവന്‍ ഉല്‍പ്പന്നങ്ങളും വിറ്റഴിക്കാന്‍ സാധിക്കുമെന്നാണ് കയര്‍ കോര്‍പറേഷന്റെ പ്രതീക്ഷ. നാല്പത് കോടിയോളം രൂപയുടെ ഉല്‍പ്പന്നങ്ങളാണ് വിപണികളിലെത്തുന്നത്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന വിപണനശാലകള്‍ക്ക് പുറമെ സര്‍ക്കാരിന്റെ ഹാന്റ്ലൂം വിപണനമേളയിലും കയര്‍ കോര്‍പറേഷന്റെ സ്റ്റാളുകള്‍ ഒരുങ്ങുന്നുണ്ട്.