ഒാണം വാരാഘോഷത്തോടനുബന്ധിച്ചുള്ള കലാ പരിപാടികളിലേയ്ക്ക് ആസ്വാദക പ്രവാഹം. നിശാഗന്ധി ഉൾപ്പടെ തിരുവനന്തപുരം നഗരത്തിലെ മുപ്പത് വേദികളിലായാണ് ആഘോഷങ്ങൾ പുരോഗമിക്കുന്നത്. ശ്രീവിദ്യ കലാനികേതന്റെ നേതൃത്വത്തിൽ മനംകവരുന്ന വിസ്മയ പ്രകടനങ്ങളാണ് നടന്നത്.
ഒരാഴ്ച നീളുന്ന ആഘോഷപരിപാടികളാണ് വിവിധ വേദികളിലായി തുടരുന്നത്. വർണ വിളക്കുകൾ മിന്നിത്തിളങ്ങുന്ന കവടിയാർ -വെള്ളയമ്പലം റോഡിലും തിരക്കിനൊട്ടും കുറവില്ല. ആഘോഷങ്ങളുടെ ഭാഗമായി ദീപാലംകൃതമായ സെക്രട്ടേറിയറ്റ് പരിസരത്തും സന്ദർശകരുടെ ഒഴുക്ക് തന്നെ. ആയിരത്തിഎഴുനൂറ് പൊലീസുകാരെയാണ് സുരക്ഷാ ചുമതലകൾക്കായി നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്.