കൊച്ചിയിലെ തെരുവോരങ്ങളില്‍ കഴിയുന്ന അനാഥര്‍ക്ക് ഓണസദ്യയും പുതുവസ്ത്രങ്ങളും സമ്മാനിച്ച് തെരുവോരം പ്രവര്‍ത്തകരും ജനമൈത്രി പൊലീസും. അരൂര്‍ എംഎല്‍എ എ.എം. ആരിഫും തെരുവുമക്കള്ക്കൊപ്പം ഓണസദ്യയില്‍ പങ്കുചേര്‍ന്നു. തെരുവില്‍ കഴിഞ്ഞിരുന്ന രണ്ടുപേരെ പുതുവസ്ത്രങ്ങള്‍ അണിയിച്ച് തിരികെ വീട്ടിലെത്തിച്ചു.
തിരുവോണത്തിന് ഓണമുണ്ണാന്‍ കഴിയാത്തവര്‍ക്ക് തെരുവോണമൊരുക്കിയാണ് തെരുവോരം പ്രവര്‍ത്തകരും ജനമൈത്രി പൊലീസും ഓണം വേറിട്ടതാക്കിയത്. കാക്കനാട് നിന്ന് രാവിലെ ഒന്‍പത് മണിയോടെ യാത്ര തുടങ്ങിയ സംഘം ദേശീയ പാതയോരങ്ങളില്‍ കഴിയുന്ന അനാഥര്‍ക്ക് സദ്യയും പുതുവസ്ത്രങ്ങളും സമ്മാനിക്കുകയായിരുന്നു. മുടിയും താടിയും നീണ്ടുവളര്‍ന്ന് വൃത്തിഹീനമായ സ്ഥിതിയില്‍ കണ്ടവരേയും തെരുവോരം പ്രവര്‍ത്തകര്‍ സുന്ദരക്കുട്ടപ്പന്മാരാക്കി. അരൂര്‍ ബസ് സ്റ്റോപ്പില്‍ യാദൃശ്ചികമായെത്തിയ സ്ഥലം എംഎല്‍എ എ.എം. ആരിഫും തെരുവുമക്കള്ക്കൊപ്പം തെരുവില്‍ ഓണമുണ്ടു.
തെരുവില്‍ കഴിഞ്ഞിരുന്ന ആലപ്പുഴ തുറവൂര്‍ സ്വദേശിയേയും ചന്തിരൂര്‍ സ്വദേശിയേയും എംഎല്‍എയുടെ നേതൃത്വത്തില്‍ തിരികെ വീട്ടിലെത്തിച്ചു. അന്‍പതോളം തെരുവുമക്കള്ക്കാണ് തിരുവോണനാളില്‍ തെരുവോരം പ്രവര്‍ത്തകര്‍ ഓണസമ്മാനങ്ങള്‍ നല്‍കിയത്.