'തിരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികൾ'; പോസ്റ്ററുമായി വിദ്യാര്‍ഥികളുടെ പ്രതിഷേധം

തിരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികൾ അർപ്പിച്ച് ഡല്‍ഹിയില്‍ പ്രതിഷേധം. ഡൽഹി സർവകലാശാലയിലെ നിയമ വിദ്യാർഥികളാണ് പോസ്റ്ററുകൾ എഴുതി പ്രതിഷേധവുമായി രംഗത്തെത്തിയത്. പത്ത് വർഷമായി അനാരോഗ്യത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ച കമ്മീഷന്‍റെ വേർപാട് ദുഃഖത്തോടെ അറിയിക്കുന്നുവെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. ഒപ്പം ഇന്ത്യയിലെ ജനാധിപത്യം മരിച്ചുവെന്നും വിദ്യാർഥികൾ ആരോപിച്ചു. പോസ്റ്ററുകള്‍ സോഷ്യല്‍മീഡിയയില്‍ ഇതിനോടകം വൈറലാണ് . ‍

പോസ്റ്ററിന്‍റെ പൂര്‍ണരൂപം:

‘സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ 10 വർഷമായി അനാരോഗ്യത്തെ തുടർന്ന് ആരോഗ്യനില വഷളായതോടെ ഐസിയുവിൽ അടുത്തിടെ പ്രവേശിപ്പിച്ചതിനും ശേഷം 2024 ഏപ്രിൽ 21ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തരിച്ചുവെന്ന് അറിയിക്കുന്നതിൽ ഞങ്ങൾ ഖേദിക്കുന്നു’ 

ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനൊപ്പം പുതുതായി നിയമിതരായ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ, ഡോ. സുഖ്ബീർ സിംഗ് സന്ധു എന്നിവരുടെ ചിത്രങ്ങളും മാലയിട്ട പോസ്റ്ററിൽ ഉണ്ട്. വിദ്യാര്‍ഥികളുടെ പ്രതിഷേധം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. നിരവധി പേരാണ് വിദ്യാര്‍ഥികളെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയത്. യുവാക്കൾ സത്യം പറയുകയും അതിനനുസരിച്ച് വോട്ട് ചെയ്യുകയും ചെയ്താൽ ഇനിയും പ്രതീക്ഷയുണ്ടെന്ന് നെറ്റിസണ്‍സ് കമന്‍റ് ബോക്സുകളില്‍ അഭിപ്രായപ്പെടുന്നു. അതേസമയം, രാജസ്ഥാനിൽ നടത്തിയ മുസ്‍ലിംങ്ങൾക്കെതിരായ വിദ്വേഷ പരാമർശത്തിൽ പ്രധാനമന്ത്രിയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. തിങ്കളാഴ്ച 11മണിക്കാണ് വിശദീകരണം നല്‍കേണ്ടത്.