മഹാരാഷ്ട്രയിൽ ദലിത്–ഒബിസി വോട്ടുകള്‍ എങ്ങോട്ട്? പ്രകാശ് അംബേദ്ക്കര്‍ എന്ന ദലിത് ഫാക്ടര്‍

Untitled design - 1
SHARE

മഹാരാഷ്ട്രയിലെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഏറ്റവും നിര്‍ണായകം ദലിത്–ഒബിസി വോട്ടുകള്‍ ഏത് ദിശയിലേക്ക് നീങ്ങും എന്നതാണ്. കഴിഞ്ഞതവണ വഞ്ചിത് ബഹുജന്‍ അഘാഡിയുടെ സാന്നിധ്യം കൊണ്ട് കോണ്‍ഗ്രസ് സഖ്യം പരാജയപ്പെട്ട മറാഠ്‌വാഡയിലെയും വിദര്‍ഭയിലെയും അഞ്ച് മണ്ഡലങ്ങള്‍ നാളെയാണ് വിധിയെഴുതുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ നിര്‍ണായകമാണ് പ്രകാശ് അംബേദ്ക്കര്‍ എന്ന ദലിത് ഫാക്ടര്‍.

ഒപ്പം കൂട്ടാന്‍ നോക്കി അവസാനം വഴുതിമാറിയ പ്രകാശ് അംബേദ്ക്കറെ കോണ്‍ഗ്രസിന് മാത്രമല്ല ബിജെപിക്കും പേടിയുണ്ട്. ദലിത് വോട്ടുകളുടെ ഗതിതിരിച്ച വഞ്ചിത് ബഹുജന്‍ അഘാഡി ഏഴ് സീറ്റുകളിലാണ് കഴിഞ്ഞതവണ കോണ്‍ഗ്രസിനെ തോല്‍പ്പിച്ചത്. അകോളയില്‍ ഇക്കുറി പ്രകാശ് അംബേദ്ക്കര്‍ വീണ്ടും പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ബുല്‍ഡാന, നാന്ദേഡ്, പര്‍ഭണി, ഹിന്‍ഗോളി എന്നി മണ്ഡലങ്ങളിലെ ദളിത്– ഒബിസി, ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നിര്‍ണായകമാകും. മുഖ്യ എതിരാളി ബിജെപിയാണെന്ന് വിബിഎ പറയുമെങ്കിലും വോട്ടുകള്‍ ഭിന്നിച്ചാല്‍ അത് മഹാവികാസ് അഘാഡിക്ക് വലിയ ആഘാതമുണ്ടാക്കും.

സംവരണത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന മറാഠകളും സംവരണം കവര്‍ന്നെടുക്കപ്പെടും എന്ന് ആശങ്കയുള്ള ഒബിസി വിഭാഗവും ബിജെപി സഖ്യത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാകില്ല. ഇതിനൊപ്പം വിബിഎ വഴി ഒബിസി വോട്ടുകള്‍ ഏകീകരിച്ചാല്‍ അത് മഹായുതി സഖ്യത്തിന് തിരിച്ചടിയാകും. മറാഠ്‌വാഡ, വിദര്‍ഭ മേഖലയിലെ പരുത്തി, സോയാബിന്‍ കര്‍ഷരുടെ വിഷയങ്ങളും കര്‍ഷക ആത്മഹത്യയും വലിയ തോതില്‍ ചര്‍ച്ചയായില്ലെങ്കിലും അത് വോട്ടിനെ സ്വാധീനിക്കും. പിളര്‍പ്പിന് ശേഷം ശിവസേന ഉദ്ധവ്, ഷിന്‍ഡെ പക്ഷങ്ങള്‍ നേരിട്ട് ഏറ്റുമുട്ടുന്ന മൂന്ന് മണ്ഡലങ്ങളും ഈ ഘട്ടത്തിലുണ്ട്. ബിജെപിയിലേക്ക് കൂടുമാറിയ നടി നവനീത് റാണ മല്‍സരിക്കുന്ന അമരാവതിയില്‍ ചതുഷ്കോണ പോരാട്ടമാണ്. 

Dalit-OBC votes in Maharashtra Dalit factor named Prakash Ambedkar

MORE IN INDIA
SHOW MORE