അഭിഷേക് ബാനര്‍ജിയുടെ ഹെലികോപ്റ്ററിലെ പരിശോധന; നിയമ നീക്കത്തിന് തൃണമൂല്‍ കോണ്‍ഗ്രസ്

തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ ഹെലികോപ്റ്റര്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധിച്ചതില്‍ രാഷ്ട്രീയ വിവാദം കത്തുന്നു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. പരിശോധനയുടെ വീഡിയോ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യിപ്പിച്ചതായും ആദായ നികുതി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും അഭിഷേക് ബാനര്‍ജി ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നിയമ നടപടിക്ക് ഒരുങ്ങുകയാണ്.  

അഭിഷേക് ബാനര്‍ജി ഹാര്‍ദിയയിലേയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുംമുന്‍പാണ് കൊല്‍ക്കത്ത ബെഹല ഫ്ലൈയിങ് ക്ലബില്‍വച്ച് ആദായനികുതി ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്റര്‍ പരിശോധിച്ചത്. പണവും സ്വര്‍ണവും കടത്തുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും എന്നാല്‍ ഒന്നും കണ്ടെത്താനായില്ലെന്നും ആദായ നികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷനും ആദായ നികുതി വകുപ്പും ഒത്തുകളിക്കുകയാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ആരോപണം. സംഭവത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഒാഫീസറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

പരിശോധനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ആദായ നികുതി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചുവെന്ന് അഭിഷേക് ബാനര്‍ജി ആരോപിക്കുന്നു. തന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ആദായ നികുതി ഉദ്യോഗസ്ഥര്‍ വാക്കേറ്റത്തിന് ശ്രമിച്ചതായും ഭീഷണിപ്പെടുത്തിയെന്നും അഭിഷേക് ബാനര്‍ജി പറയുന്നു. അഭിഷേക് ബാനര്‍ജി പൊലീസില്‍ പരാതി നല്‍കി. 

Abhishek Banerjee's helicopter inspected by Income Tax officials ignites political controversy