സിയാച്ചിനിലെ സൈന്യകരെ ഓര്‍ത്ത് രാജ്യം; ഇന്ന് മേഘ്ദൂതിന്റെ നാല്‍പ്പതാം വാര്‍ഷികം

സിയാച്ചിനിലേക്കുള്ള പാക് അധിനിവേശം തടഞ്ഞ ഓപ്പറേഷന്‍ മേഘ്ദൂതിന്‍റെ നാല്‍പ്പതാം വാര്‍ഷികം ഇന്ന്. മൈനസ് 60 ഡിഗ്രി വരെ താപനില താഴുന്ന സിയാച്ചിന്‍ നിലനിര്‍ത്താന്‍ ശത്രുസൈന്യത്തോടും കാലാവസ്ഥയോടും പൊരുതുന്ന സൈനികരെ നന്ദിയോടെ ഓര്‍ക്കുകയാണ് രാജ്യമിന്ന്.

1984 ഏപ്രില്‍ 13ന് പുലര്‍ച്ചെ ഇന്ത്യ ആരംഭിച്ചതാണ് ഓപ്പറേഷന്‍ മേഘദൂത്. ഈ സൈനിക നീക്കത്തോടെ മൂവായിരത്തിലേറെ ചതുരശ്ര കിലോമീറ്റര്‍ വരുന്ന സിയാച്ചിന്‍ ഭൂപ്രദേശം പൂര്‍ണമായി രാജ്യത്തിന്‍റേതായി. ഇന്ത്യയും പാക്കിസ്ഥാനും പര്‍വതാരോഹകരെ അയയ്ക്കുന്നു എന്നതിനപ്പുറത്തേക്ക്, പൂര്‍ണമായി സൈനികവല്‍ക്കരിക്കപ്പെട്ട മേഖലയായിരുന്നില്ല സിയാച്ചിന്‍. എന്നാല്‍ പതിവ് പോലെ ധാരണകള്‍ ലംഘിച്ച് ചൈനീസ് ബന്ധമുള്ള പര്‍വതാരോഹകരെ പാക്കിസ്ഥാന്‍ സിയാച്ചിനിലേക്ക് അയച്ചു. കൊടുംതണുപ്പ് നേരിടാന്‍ വേണ്ട വസ്ത്രങ്ങള്‍ പാക്കിസ്ഥാന്‍ വന്‍തോതില്‍ യൂറോപ്പില്‍നിന്ന് വരുത്താന്‍ പോകുന്നുവെന്ന് റോ റിപ്പോര്‍ട്ട് കൂടി ചെയ്തതോടെ ഇന്ത്യയും തയാറായി.

അങ്ങനെ വ്യോമസേനയുടെ ഹെലികോപ്റ്ററുകളും കരസേനയുടെ മിടുക്കരായ പര്‍വതാരോഹകരും സിയാച്ചിന്‍ ലക്ഷ്യമിട്ടുള്ള ഓപ്പറേഷന്‍ മേഘദൂതിന്‍റെ ഭാഗമായി. അക്സായി ചിന്‍ കൈവശപ്പെടുത്തിയ ചൈനയ്ക്കും പാക്കിസ്ഥാനും ഒരേസമയം ഞെട്ടല്‍ സമ്മാനിച്ചായിരുന്നു അപ്രതീക്ഷിതമായിട്ടുള്ള ഓപ്പറേഷന്‍ മേഘദൂത്. 1984 മുതല്‍ ഇന്നുവരെ സിയാച്ചിന്‍ ഇന്ത്യന്‍യുടേതാക്കി നിലനിര്‍ത്താന്‍ കാലാവസ്ഥയോട് മല്ലിട്ട് ജീവന്‍ വെടിയേണ്ടി വന്നത് ആയിരത്തിനടുത്ത് ധീര ജവാന്‍മാര്‍ക്കാണ്. ലോകത്തെ ഏറ്റവും ഉയരം കൂടിയതും തണുപ്പുള്ളതുമായ യുദ്ധഭൂമിയും ധ്രുവേതര പ്രദേശങ്ങളില്‍വച്ച് രണ്ടാമത്തെ വലിയ ഹിമാനിയുമാണ് സിയാച്ചിന്‍.