സൈനിക ഉദ്യോഗസ്ഥനെ അ‍ജ്‍ഞാതസംഘം തട്ടിക്കൊണ്ടുപോയി

പ്രതീകാത്മക ചിത്രം

മണിപ്പൂരിലെ തൗബാൽ ജില്ലയില്‍ നിന്ന് സൈനിക ഉദ്യോഗസ്ഥനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. ഇന്ന് രാവിലെയാണ്  ഒരു സംഘം ആളുകള്‍ ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെസിഒ) കോൺസം ഖേദ സിംഗിനെ  വീട്ടില്‍  അതിക്രമിച്ചുകയറി തട്ടിക്കൊണ്ടു പോയത്. മണിപ്പൂരില്‍ കലാപം തുടങ്ങിയതിനുശേഷം നാലാമത്തെ സൈനികനെയാണ് ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോകുന്നത്. 

ഇന്ന് രാവിലെ 9  മണിയോടെ വീടിനുള്ളിലേക്ക് അതിക്രമിച്ചുകയറിയ സംഘം സൈനികനെ ബലമായി പിടിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. . തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കൃത്യമായ ഉദ്ദേശ്യം വ്യക്തമല്ല. വിവരം ലഭിച്ചയുടൻ, ജെസിഒയെ രക്ഷിക്കാൻ എല്ലാ സുരക്ഷാ ഏജൻസികളും ഏകോപിപ്പിച്ച് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ദേശീയ പാത 102 ലൂടെ സഞ്ചരിക്കുന്ന എല്ലാ വാഹനങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. അക്രമികൾ അറംബൈ ടെങ്കോൾ (എടി) എന്ന റാഡിക്കൽ മെതേയ് ഗ്രൂപ്പിലെ അംഗങ്ങളാണെന്നാണ് പ്രാഥമിക വിവരം.

മണിപ്പൂരിൽ സംഘർഷം ആരംഭിച്ചതിന് ശേഷമുള്ള നാലാമത്തെ സംഭവമാണിത്.  സൈനികരെയോ അവരുടെ ബന്ധുക്കളെയോ ഡ്യൂട്ടിയിലുള്ളവരെയോ അക്രമിസംഘം ലക്ഷ്യമിടുന്നു. 2023 സെപ്റ്റംബറിൽ, മണിപ്പൂരിലെ ലീമാഖോങ്ങിൽ ഡിഫൻസ് സർവീസ് കോർപ്‌സിനൊപ്പം (ഡിഎസ്‌സി) നിലയുറപ്പിച്ച മുൻ അസം റെജിമെന്‍റ് സൈനികനായ സെർട്ടോ താങ്‌താങ് കോമിനെ ഒരു സായുധ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.രണ്ട് മാസത്തിന് ശേഷം, ചുരാചന്ദ്പൂരിലെ മലയോര ജില്ലയിൽ നിന്ന് ലെയ്‌മാഖോങ്ങിലേക്ക് വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന നാല് പേരെ അജ്ഞാത സായുധ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ജമ്മു കശ്മീരിൽ സേവനമനുഷ്ഠിക്കുന്ന ഒരു സൈനികന്‍റെ കുടുംബാംഗങ്ങളായിരുന്നു ഇവർ .

മണിപ്പൂർ പോലീസിലെ ഒരു അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) ഫെബ്രുവരി 27 ന് ഇംഫാൽ നഗരത്തിലെ അദ്ദേഹത്തിന്‍റെ വീട്ടിൽ വച്ചും ആക്രമിക്കപ്പെട്ടിരുന്നു. 

Army Officer Kidnapped From Manipur Home