മണിപ്പൂര്‍ കലാപത്തിന് ഒരുവയസ്; പൊലിഞ്ഞത് 220 ജീവന്‍; തകര്‍ന്നടിഞ്ഞ് സമ്പദ്ഘടന

മണിപ്പൂര്‍ കലാപത്തിന് ഇന്ന് ഒരുവയസ്. 2023 മെയ് മൂന്നിനാണ്  കുക്കി–മെയ്തെയ് വിഭാഗങ്ങള്‍ക്കിടയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. 220 പേര്‍ക്ക് ജീവന്‍ നഷ്ടമായി, ആയിരക്കണക്കിന് പേര്‍ മൃതപ്രായരായി ജീവിക്കുന്നു.  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മികച്ച പുരോഗതി കൈവരിച്ച മണിപ്പൂരിന്‍റെ സമ്പദ്ഘടന തകര്‍ന്നടിഞ്ഞു. ഇപ്പോഴും തുടരുന്ന അക്രമങ്ങള്‍ക്കിടയില്‍ നടന്ന തിരഞ്ഞെടുപ്പും സുതാര്യമായിരുന്നില്ലെന്ന് ഇരുവിഭാഗവും പറയുന്നു.

ഒരു ഹൈക്കോടതി ഉത്തരവിലായിരുന്നു എല്ലാത്തിന്‍റെയും തുടക്കം. മെയ്തെയ്കളെ സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിനെതിരെ കുക്കി യുവജനസംഘടനകള്‍ നിരത്തിലിറങ്ങി. കുക്കികളെ നേരിടാന്‍ ആംരംബായി തെംഗോല്‍ എന്ന തീവ്രമെയ്തെയ് സംഘവും. ഇരുവിഭാഗങ്ങള്‍ മുഖാമുഖം നിന്ന സംസ്ഥാനത്ത് മെയ്തെയ്കളെ പരസ്യമായി പിന്തുണച്ച ബിജെപി സര്‍ക്കാരിന്‍റെ നിലപാട് എരിതീയില്‍ എണ്ണയൊഴിക്കുന്നതായി. 

ഇരുവശത്തും ജനങ്ങള്‍ ആയുധം കയ്യിലെടുത്തതോടെ മണിപ്പൂര്‍ സമ്പൂര്‍ണ അരാജകത്വത്തിലായി. കലാപം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മനോരമ ന്യൂസ് സംഘം കണ്ടത് അവിശ്വസനീയ കാഴ്ചകള്‍. പൂര്‍ണമായി കത്തിയെരിഞ്ഞ ഗ്രാമങ്ങള്‍, തീവച്ച് നശിപ്പിക്കപ്പെട്ട ക്രൈസ്തവ ദേവാലയങ്ങള്‍, തകര്‍പ്പെട്ട കൂറ്റന്‍ പാലങ്ങള്‍, പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വിട്ടുകിട്ടാന്‍ വിലപിക്കുന്ന സ്ത്രീകള്‍, ക്രൂരമായ ബലാല്‍സംഗത്തിനരയായ അമ്മമാരും പെണ്‍മക്കളും, അഭയാര്‍ഥി ക്യാംപുകളില്‍ പിഞ്ചുകുഞ്ഞുങ്ങളുമായി നരകിക്കുന്ന അമ്മമാര്‍. 

കലാപ്തതിന് ഒരു വര്‍ഷം തികയുമ്പോഴും ജനങ്ങള്‍ ഭീതിയിലാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രകിയയെന്നഭിമാനിക്കുന്ന തിരഞ്ഞെടുപ്പിലൂടെ നാം കടന്നുപോകുമ്പോള്‍ മണിപ്പൂരികള്‍ ആ ചോദ്യം ആവര്‍ത്തിക്കുന്നു, ഞങ്ങള്‍ ഈ രാജ്യത്തിന്‍റെ ഭാഗമല്ലേ ? ഞങ്ങളുടെ ജനാധിപത്യ അവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാനുള്ള ബാധ്യത തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കില്ലേ ?