ദേശീയ കരസേനാ ദിനത്തില്‍ ധീരസൈനികര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം

ദേശീയ കരസേനാ ദിനത്തില്‍ ധീരസൈനികര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം. സെന്‍ട്രല്‍ കമാന്‍ഡ് ആസ്ഥാനമായ ലഖ്‌നൗവില്‍ നടന്ന പരേഡില്‍ കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ അഭിവാദ്യം സ്വീകരിച്ചു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും സൈനികര്‍ക്ക് ആശംസകള്‍ നേര്‍ന്നു.

കരസേനാ ദിനത്തില്‍ ഡല്‍ഹിക്ക് പുറത്ത് ചടങ്ങുകള്‍ നടക്കുന്നത് ഇത് രണ്ടാംതവണ. സേനയുടെ വൈവിധ്യവും ശക്തിയും പ്രകടമാക്കി വിവിധ റെജിമെന്‍റുകളുടെ പരേഡ്. സെന്‍ട്രല്‍ കമാന്‍ഡ് ആസ്ഥാനമായ ലഖ്‍നൗ ജിആര്‍സിസി പരേഡ് ഗ്രൗണ്ടില്‍ കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ അഭിവാദ്യം സ്വീകരിച്ചു. രാജ്യത്തിന്‍റെ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് സേനാ മേധാവി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടനവാദി ഗ്രൂപ്പുകളുമായി സമാധാന കരാറില്‍ എത്താന്‍ കഴിഞ്ഞത് നേട്ടമാണ്. സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, മറ്റ് സേനാമേധാവികള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. വൈകിട്ട് നടക്കുന്ന ശൗര്യ സന്ധ്യ പരിപാടിയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് പങ്കെടുക്കും. രാഷ്ട്രപതിയും പ്രധാനമന്ത്രിയും എഴുപത്താറാമത് കരസേന ദിനത്തില്‍ സൈനികര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു. സൈന്യത്തിന്‍റെ അഭിമാനമായ വാഹനങ്ങളുടെയും ആയുധങ്ങളുടെയും പ്രദര്‍ശനവും ഒരുക്കുന്നുണ്ട്. ഇത്തവണ എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മികച്ച പരേഡിലെ വിജയി ആരെന്ന് കണ്ടെത്തുക.

Nation pays tribute to soldiers on National Army Day